വാഴക്കൂമ്പ് അവലോസ് പൊടി, ഉണ്ണികാമ്പ് അച്ചാർ… ‘വെറൈറ്റി’ തേടി ആവശ്യക്കാരുടെ തിരക്ക്

കോഴിക്കോട് കടപ്പുറത്ത്  നടക്കുന്ന ദേശീയ സരസ് മേളയിലെ 184 ആം നമ്പർ സ്റ്റാൾ സന്ദർശിക്കുന്നവർ ആദ്യം അന്വേഷിക്കുന്നത് നല്ല നാടൻ വാഴക്കൂമ്പ് അവലോസ് പൊടിയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി  സരസ് മേളയിലെ സ്റ്റാളിൽ വാഴ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിൽക്കുന്ന തിരക്കിലാണ് സുനിത, പുഷ്പ എന്നീ സംരംഭകർ. കോഴിക്കോട് ജില്ലയിലെ ഉളിയേരി പഞ്ചായത്തിലെ മൂന്നോളം കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചേർന്ന് നടത്തുന്ന സുഫല യൂണിറ്റിൻ്റേതാണ് വാഴ കൊണ്ടുള്ള ഈ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ.

ആത്മ പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവന്റെ നേതൃത്വത്തിൽ 2023 ൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ട്രെയിനിങ്ങിലൂടെ ഉളിയേരിയിലെ പത്തോളം സ്ത്രീകൾ വാഴ കൊണ്ടുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പരിശീലനം നേടിയത്. അതേ വർഷം തന്നെ ഇവരുടെ നേതൃത്വത്തിൽ ‘സുഫല’ എന്ന പേരിൽ ഒരു യൂണിറ്റ് ആരംഭിച്ചു. ഇന്ന് സുഫലയുടെ ചുമതല സുനിത, പുഷ്പ, ഷൈനി , ബീന എന്നിവർക്കാണ്. വാഴക്കൂമ്പ് അവലോസ് പൊടി, ഉണ്ണിക്കാമ്പ് അച്ചാർ, വാഴക്കൂമ്പ് അച്ചാർ, ഉണ്ണിക്കാമ്പ് സ്ക്വാഷ്, വാഴക്കൂമ്പ് കട്ട്ലൈറ്റ്, വാഴക്കൂമ്പ് ചമ്മന്തി പൊടി തുടങ്ങി വാഴ കൊണ്ടുള്ള നിരവധി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാണ് ഇവർ ഉണ്ടാക്കി വിൽപ്പന നടത്തുന്നത്.

നാടൻ രുചിയിൽ തയ്യാറാക്കുന്ന അവലോസ് പൊടിയാണ് ഇവരുടെ മാസ്റ്റർ പീസ്. ഉള്ളിയേരിയിൽ കൃഷിഭവന്റെ നേതൃത്വത്തിലുള്ള സ്റ്റാളിലും ഇവരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ട്. വാഴയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ആദ്യഘട്ടത്തിൽ കർഷകരിൽ നിന്നാണ് വാഴക്കന്നുകളും കാമ്പും ശേഖരിച്ചിരുന്നത് ഒപ്പം കൃഷിഭവൻ്റെ  സഹായവും  തേടി. ഓരോരുത്തർക്കും 50 ഓളം വാഴക്കന്നുകൾ ലഭിക്കുകയും  ഇവ സ്വന്തം സ്ഥലത്തു കൃഷി ചെയ്ത്  ഉൽപ്പന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്തു. പ്രാദേശിക ജില്ലാതല മേളകളിൽ പങ്കെടുത്തിട്ടുള്ള ഇവർ ആദ്യമായാണ് ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നത്.