കോഴിക്കോട് സരസ് മേളയിലെ മുന്നൂറോളം ഉൽപന്ന വിപണന സ്റ്റാളുകൾക്കിടയിൽ കരകൗശലം കൊണ്ടും ഉൾപ്പന്നവൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുകയാണ് കൊല്ലം ജില്ലയിൽ നിന്നുള്ള “കൃഷ്ണാഞ്ജലി” കോക്കനട്ട് ഷെൽക്രാഫ്റ്റ് യൂണിറ്റിന്റെ 29ാം നമ്പർ സ്റ്റാൾ. സംരംഭകയായ സരളയും ഭർത്താവ് ശിവൻകുട്ടിയുമാണ് ചിരട്ടയിൽ അത്ഭുതങ്ങൾ തീർക്കുന്നത്. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ , ‘ദേവി കുടുംബശ്രീ’ അയൽക്കൂട്ടത്തിലെ അംഗമാണ് സരള. പത്തിലേറെ സരസ് മേളകളിൽ പങ്കെടുത്ത അനുഭവസമ്പത്തുമായാണ് പന്ത്രണ്ടാമത് സരസ് മേളയിൽ പങ്കെടുക്കാനായി ഇരുവരും കോഴിക്കോടെത്തിയത്.
ഇതിന് മുമ്പ് പങ്കെടുത്ത സരസ് മേളകളിൽ നിന്നും രണ്ടുതവണ മേളയിലെ മികച്ച സ്റ്റാളിനുള്ള പുരസ്കാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്. പതിനഞ്ച് രൂപ മുതൽ ആരംഭിക്കുന്ന ഇവരുടെ ഉൽപ്പന്നങ്ങളിൽ ചിരട്ടയിൽ തീർത്ത വീട്ടുപകരണങ്ങൾ, വാൽക്കണ്ണാടി തുടങ്ങി ചക്കയും, മാങ്ങയും കായ്ച്ചു നിൽക്കുന്ന പ്ലാവും മാവും വരെയുണ്ട്. വീട്ടിലിരുന്നു തന്നെയാണ് ഈ ദമ്പതികൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും നടത്തുന്നത്. ആവശ്യക്കാർക്ക് കൊറിയർ ആയും തങ്ങളുടെ ഉത്പന്നങ്ങൾ അയച്ചുകൊടുക്കുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങളും നിർമ്മാണവും കാണാൻ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ മുതൽ അന്യസംസ്ഥാനത്തുനിന്ന് വരെ ആളുകൾ വരാറുണ്ടെന്നും ഈ വൃദ്ധ ദമ്പതികൾ പറയുന്നു. സരസ് മേളയിൽ സ്റ്റാളിൽ സജീകരിച്ചിട്ടുള്ള യൂണിറ്റിനു മുമ്പിലും ആവശ്യക്കാരുടെ തിരക്കുമുണ്ട്.
