പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളായി കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംസ്ഥാനത്ത് സജീവമാകുന്നു… നിലവില്‍ 13 ജില്ലകളിലായി ബ്ളോക്ക്തലത്തില്‍ 29 എം.ഇ.ആര്‍.സികള്‍

അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ  മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍(എം.ഇ.ആര്‍.സി) ബ്ളോക്ക്തലത്തില്‍ സജീവമായി. തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള  പിന്തുണകള്‍ ലഭ്യമാക്കുകയാണ് എം.ഇ.ആര്‍.സികളുടെ ലക്ഷ്യം. നിലവില്‍ പതിമൂന്ന് ജില്ലകളിലായി 29 ബ്ളോക്കുകളില്‍ എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  നിലവിലുള്ള സംരംഭങ്ങള്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ ഇതുവഴി പിന്തുണകള്‍ ലഭ്യമാക്കി വരികയാണ്.  

അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ബ്ളോക്ക്തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുടുംബശ്രീയുടെ പ്രാദേശിക തൊഴില്‍ദാന കേന്ദ്രങ്ങളാണ് എം.ഇ.ആര്‍.സികള്‍. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളുടെ വിപുലീകരണവും പ്രാദേശിക സാമ്പത്തിക വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ നേടുന്നതിനാവശ്യമായ സഹായങ്ങള്‍, നൂതന ആശയങ്ങള്‍ അടിസ്ഥാനമാക്കി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കാവശ്യമായ പ്രോത്സാഹനം ഉല്‍പന്ന വിപണനത്തിന് ആവശ്യമായ പിന്തുണകള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കുന്നു. കൂടാതെ തൊഴില്‍ മേളകള്‍  സംഘടിപ്പിച്ചും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നു. മേഖലാതലത്തില്‍ സംരംഭങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനായതും ശ്രദ്ധേയമായ നേട്ടമാണ്. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും പദ്ധതി ഏറെ സഹായകമാകുന്നുണ്ട്.

എം.ഇ.ആര്‍.സികളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്താന്‍ കോള്‍ സെന്‍റര്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ജില്ലാമിഷനെയും സി.ഡി.എസുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമായാണ് എം.ഇ.ആര്‍.സി പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എം.ഇ.ആര്‍.സി വഴി ലഭിക്കും.

എം.ഇ.ആര്‍.സി സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓരോ ജില്ലയ്ക്കും ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ പദ്ധതി വിഹിതത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓഫീസ് നവീകരണം, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പ്രവര്‍ത്തന മൂലധനം, അടിസ്ഥാന സൗകര്യ വികസനം, യന്ത്രസാമാഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ക്കാണ് എം.ഇ.ആര്‍.സിയുടെ നടത്തിപ്പ് ചുമതല.