കോഴിക്കോട് സരസ് മേളയിൽ അത്തറിന്റെ സുഗന്ധം നിറയ്ക്കുകയാണ് പാലക്കാട് നിന്നുള്ള നാജു പെർഫ്യൂംസ്. പന്ത്രണ്ടാമത് ദേശീയ സരസ് മേളയുടെ ഭാഗമായി 218ാം നമ്പർ സ്റ്റാളിലാണ് നാജു പെർഫ്യൂംസ് വിപണനം നടത്തുന്നത്. വിവിധ തരം അത്തറുകളുമായാണ് സംരംഭകയായ ഫമീന സരസ് മേളയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിലെ അംബിക അയൽക്കൂട്ടത്തിലെ അംഗമാണ് ഫമീന. അഞ്ചു വർഷം മുൻപാണ് നാജു പെർഫ്യൂംസ് എന്ന തന്റെ സംരംഭം ആരംഭിച്ചതെന്ന് ഫമീന പറയുന്നു. അപ്പോൾ മുതൽ സരസ് മേളയിൽ പങ്കെടുക്കുന്നു. ഫമീനയുടെ അഞ്ചാമത്തെ സരസ് മേളയാണിത്. ജാഗ്വാർ, ബ്ലൂ ലേഡി, എയ്ഞ്ചൽ, റോയൽ മിറാജ് തുടങ്ങി 20 ഓളം അത്തറുകൾ ഈ സ്റ്റാളിൽ ലഭ്യമാണ്. വിവിധ തരം അത്തറുകൾ വിൽക്കുന്നതിനൊപ്പം തന്നെ പല അത്തറുകൾ തമ്മിൽ യോജിപ്പിച്ച് ഉപഭോക്താക്കളുടെ ആവശ്യാനുസരണം പുതിയ അത്തറുകൾ ഉണ്ടാക്കി നൽകുകയും നൽകുന്നു. ഇത്തരം പെർഫ്യൂമുകളുടെ ക്രീമുകളും ഇവിടെ ലഭ്യമാണ്. കഴിഞ്ഞ 5 സരസ് മേളയിലെയും പോലെ തന്നെ ഈ സരസ് മേളയിലും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് സംരംഭകയായ ഫമീന പറയുന്നു.
