മേള കാണാനെത്തി കാടിന്റെ മക്കൾ

ദേശീയ സരസ് മേള കാണാൻ ചുരമിറങ്ങി കിലോമീറ്റർ താണ്ടി കോഴിക്കോട് കടപ്പുറത്ത് എത്തിയിരിക്കുകയാണ് വയനാട് തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തിൽ നിന്നുമുള്ള തൊണ്ണൂറോളം കുട്ടികൾ. കുടുംബശ്രീ മുഖേനെ വയനാട് തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ട്രൈബൽ പ്രത്യേക പദ്ധതിയിൽ നിന്നുമുള്ള  കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറുമര്‍ എന്നീ നാല് തദ്ദേശീയ ജനവിഭാഗങ്ങളിൽ നിന്നുമുള്ള ബ്രിഡ്ജ് കോഴ്സ്, ബാലസഭ വിദ്യാർത്ഥികളാണ് മേള സന്ദർശിക്കാനായെത്തിയത്. തിരുനെല്ലിയിൽ നിന്നും 47 കുട്ടികളും നൂൽപുഴയിൽ നിന്നും 40 കുട്ടികളുമാണ് എത്തിയത്.

മേള ആസ്വദിക്കാനെത്തിയ കുട്ടികൾ,  മേളയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്ററായ പി. സി. കവിതയുമായി സംവദിച്ചു. ആദ്യമായി സരസ് മേളയിൽ പങ്കെടുക്കുന്ന ഇവരെ സ്വീകരിക്കാനും, നിയന്ത്രിക്കാനും, മേളയെ പരിചയപ്പെടുത്താനും വയനാട് സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായി കൃഷ്ണനും, ബ്രിഡ്ജ് കോഴ്സ് ടീച്ചർമാരും, ആനിമേറ്റർമാരും ഒപ്പം തന്നെയുണ്ടായിരുന്നു. സോഷ്യൽ ഡെവലപ്മെൻറ് ജില്ലാ പ്രോഗ്രാം മാനേജർ അനഘ ആർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. മേള മുഴുവൻ ചുറ്റിക്കറങ്ങി, ഫുഡ് കോർട്ടിൽ ഒരുക്കിയിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച്, കടപ്പുറത്തും കുറച്ചു സമയം ചെലവഴിച്ചതിനും ശേഷമാണ് കുട്ടികൾ വയനാട്ടിലേക്ക് മടങ്ങിയത്.