അജൈവ സാനിറ്ററി നാപ്കിനുകളുടെയും ഡയപ്പറുകളുടെയും ഉത്പാദനവും ഉപയോഗവും വലിയതോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുള കൊണ്ടുള്ള പ്രകൃതി സൗഹൃദ നാപ്കിനുകൾ പരിചയപ്പെടുത്തുകയാണ് ഗുജറാത്തിലെ ജുനാഗഡ്ഡ് ജിലയിലെ മേന്ദർദയിൽ നിന്നുള്ള സംരംഭകരായ ആശയും വർഷയും. ദേശീയ സരസ് മേളയിലെ ഇരുപത്തിയൊന്നാം നമ്പർ സ്റ്റാളിലാണ് ഗുജറാത്തിൽ നിന്നുള്ള ഇവരുടെ ഉത്പന്നങ്ങൾ വില്പനക്കായി എത്തിച്ചിരിക്കുന്നത്. ഇതിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ് മുള കൊണ്ടുള്ള നാപ്കിൻ.
സാധാരണ കെമിക്കൽ പൾപ്പിന് പകരം സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ മുള പൾപ്പ് ഉപയോഗിക്കുന്നുണ്ട് എന്നത് കാഴ്ചക്കാരിൽ അധികം പേർക്കും പുതിയൊരു അറിവാണ്. ഒരുപക്ഷേ കേരളത്തിൽ ആദ്യമായിട്ടായിരിക്കും മുള പൾപ്പ് കൊണ്ടുള്ള നാപ്കിൻ എത്തുന്നതെന്നു സംരംഭകർ പറയുന്നു. മുള പൾപ്പിന് ഗുണങ്ങൾ ഏറെയാണ്. മരപ്പൾപ്പിനേക്കാൾ 300 ശതമാനം കൂടുതൽ ആഗിരണ ശക്തിയുള്ളതും സുരക്ഷിതവുമാണ്. ഇത്തരം നാപ്കിനുകളിൽ നിന്ന് കമ്പോസ്റ്റ് നിർമ്മിക്കാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. 10 നാപ്കിന് 80 രൂപ മാത്രമേ വില വരുന്നുള്ളൂ. നാപ്കിന് പുറമെ വീടുകളിൽ ചർക്ക ഉപയോഗിച്ച് നൂൽ നൂൽത്ത് നെയ്തെടുക്കുന്ന ഖാദിയുടെ ടോപ്പുകളും ഒപ്പം നിലക്കടല, മസാല കടല എന്നിവയും ഇവർ വില്പനക്കായി എത്തിച്ചിട്ടുണ്ട്. മേന്ദർദ വില്ലേജിലെ പത്തോളം സ്ത്രീകൾ ഉള്ള ഗാത്ര ഗ്രൂപ്പാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. 10 വർഷം മുമ്പ് ആരംഭിച്ച ഗാത്ര ഗ്രൂപ്പിൻറെ ഉൽപ്പന്നങ്ങൾ ഇത് ആദ്യമായാണ് കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ചന്ദനത്തിരി, അച്ചാർ, കാർപെറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ നിർമ്മിക്കുന്നുണ്ട്.
