തുകല്‍ കൊണ്ട് നിര്‍മിച്ച മനോഹരങ്ങളായ പാവകള്‍, വിളക്കുകള്‍… അലങ്കാരവസ്തുക്കള്‍.. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയില്‍ സന്ദര്‍ശകര്‍ക്ക് തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവം കാഴ്ചവെച്ചിരിക്കുകയാണ് ആന്ധ്രയില്‍ നിന്നുള്ള അഞ്ചാം നമ്പര്‍ സ്റ്റാളായ ചാമുണ്ഡേശ്വരി ലെതര്‍ പപ്പറ്റ് യൂണിറ്റ്.
തുകല്‍ അടിച്ചു പരത്തി അതിനു മുകളിലൂടെ മുളമുന കൊണ്ട് ചിത്രങ്ങള്‍ വരച്ച്, വൈവിധ്യമാര്‍ന്ന നിറങ്ങള്‍ നല്‍കി നിര്‍മ്മിക്കുന്ന പാളികളുപയോഗിച്ചാണ് ഈ ഉത്പന്നങ്ങളത്രയും നിര്‍മ്മിച്ചിരിക്കുന്നത്. രാമായണം, മഹാഭാരതം കഥകളെയും, കഥാപാത്രങ്ങളെയും ആസ്പദമാക്കി നിര്‍മ്മിച്ച ചുവര്‍ ചിത്രങ്ങളാണ് യൂണിറ്റിന്റെ മറ്റൊരു സവിശേഷത. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഉത്പന്നങ്ങളുടെ വില.
ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്നുള്ള കൊള്ളാവുമ്മയാണ് യൂണിറ്റിന്റെ ഉടമ. എല്ലാവിധ സഹായസഹകരണങ്ങള്‍ക്കും ഭര്‍ത്താവ് ബാബുറാവുവും കൂട്ടിനുണ്ട്. ബാബുറാവുവിന് പരമ്പരാഗതമായി കൈമാറി കിട്ടിയ ഈ തൊഴില്‍, ഇന്ന് അവരുടെ മക്കളും ഭംഗിയായി ചെയ്തുപോരുന്നു. നൂറിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ കുലത്തൊഴിലിന്റെ തനിമയും പഴമയും പ്രതാപവും അവരുടെ ഉത്പന്നങ്ങളില്‍ തന്നെ ദൃശ്യമാണ്. എന്നും പുതുമ തേടിപ്പോകുന്ന മലയാളികള്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയാണ് ചാമുണ്ഡേശ്വരി ലെതര്‍ പപ്പറ്റ് യൂണിറ്റ്.
