തറികളിൽ നിലയ്ക്കാത്ത നെയ്ത്ത്.. സരസ് മേള കളറാക്കാൻ ‘കുത്താമ്പുള്ളി’യുമുണ്ട്

കേരളത്തനിമയുടെ കൈത്തറി വിസ്മയം ഏറെ ദൃശ്യമാണ് കോഴിക്കോട് സരസ് മേളയിലെ 107 ആം നമ്പർ സ്റ്റാളിൽ. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിലെ കമ്പനിപ്പടി തുഷാരം കുടുംബശ്രീ അയൽക്കൂട്ടത്തിന്റെയാണ് സ്റ്റാൾ. കൈത്തറി നെയ്ത്തിന് പേരുകേട്ട കുത്താമ്പുള്ളിയുടെ കൈത്തറി ഉൽപ്പന്നങ്ങൾ മേളയിൽ എത്തിച്ചിരിക്കുന്നത് തുഷാരം കുടുംബശ്രീ അയൽക്കൂട്ടം അംഗമായ ഐശ്വര്യയും ഭർത്താവ് ഗിരീഷുമാണ്. കുത്താമ്പുള്ളി  ഗ്രാമത്തിന് തൊട്ടടുത്തായാണ് കടമ്പഴിപ്പുറം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി കേരളത്തിനകത്തും പുറത്തും നടക്കുന്ന മേളകളിൽ കുത്താമ്പുള്ളിയുടെ കൈത്തറി ഉൽപ്പന്നങ്ങളുമായി ഇവർ പങ്കെടുക്കുന്നുണ്ട്. ഇത് ആദ്യമായാണ് ദേശീയ സരളയിൽ പങ്കെടുക്കുന്നത്.

പാരമ്പര്യത്തിന്റെ തനതു രീതികള്‍ കൈവെടിയാതെ കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ഒരുമിച്ചു ചേര്‍ക്കുന്ന കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി എന്നിവയും കൈത്തറി ബെഡ്ഷീറ്റ്, മുണ്ട്, തോർത്ത് എന്നിവയുമാണ്  ഇവർ സരസ് മേളയിൽ എത്തിച്ചിരിക്കുന്നത്.  2018 ലാണ് തുഷാരം കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ‘കൈവല്യം ഹാൻഡ്ലൂംസ്’ എന്ന പേരിൽ കൈത്തറി സംരംഭം തുടങ്ങി.  സംരംഭം ആരംഭിച്ചു ഏഴുവർഷം പിന്നിടുമ്പോൾ കുത്താമ്പുള്ളിയിലെ കൈത്തറി ഉത്പന്നങ്ങൾ മാത്രം തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിരിക്കുന്നു എന്ന് സംരംഭകയായ ഐശ്വര്യയും ഭർത്താവ് ഗിരീഷും പറയുന്നു. 600 രൂപ മുതലാണ് സാരികളുടെ വില ആരംഭിക്കുന്നത്. ബെഡ്ഷീറ്റുകൾക്ക് 1000 രൂപ മുതൽ ഉള്ളവ ലഭ്യമാണ്. ഹോൾസെയിൽ വിലയിലാണ് ഇവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. കുത്താമ്പുള്ളി കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാൻ മേളയിലെത്തുന്നവരും നിരവധിയാണ്.