സരസ് മേള: ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവമായി മൈസൂർ മസാലദോശയും ചിക്കൻ സ്റ്റിക്ക് കബാബും

കോഴിക്കോട് ദേശീയ സരസ് മേളയിലെ കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ ദിനംപ്രതി ആവശ്യക്കാരേറി വരികയാണ് മൈസൂരിൽ നിന്നുമെത്തിയ ശ്രീലക്ഷ്മി യൂണിറ്റിന്റെ മൈസൂർ മസാല ദോശയ്ക്കും, ചിക്കൻ സ്റ്റിക്ക് കബാബിനും. പ്രത്യേക മസാല കൂട്ടുകൾ ചേർത്ത് തവക്കല്ലിൽ വെച്ച് വേവിച്ചെടുക്കുന്ന കബാബിനും, പ്രത്യേക മൈസൂർ ചട്ട്നി പൊടി വിതറി ചുട്ടെടുക്കുന്ന മസാല ദോശയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ദിവസേന ഭക്ഷണ പ്രേമികളിൽ നിന്നും ലഭിക്കുന്നത്.

ഇതിനുപുറമേ മുട്ട മസാലദോശ, ഉളളി ദോശ, ക്യാരറ്റ് ദോശ, പനീർ ദോശ തുടങ്ങിയ വിവിധതരം ദോശകളും ശ്രീലക്ഷ്മി യൂണിറ്റിൻ്റെ 36ാം സ്റ്റാളിൽ ലഭ്യമാണ്. പത്തിലേറെ തവണ സരസ് മേളകളിൽ പങ്കെടുത്ത അനുഭവമുള്ള, യൂണിറ്റിന്റെ ഉടമ കൂടിയായ പുഷ്പാവതിയെ സഹായിക്കാൻ മനു, താനിയ, നിശ്ചിത, പജുവൽ എന്നീ നാലംഗ സംഘവും സ്റ്റാളിൽ ഒപ്പമുണ്ട്. കർണാടകയുടെ ദോശ വൈവിധ്യങ്ങളും ചിക്കൻ സ്റ്റിക്കർ സ്റ്റിക്ക് കബാബും മനസ്സറിഞ്ഞ് ആസ്വദിക്കാൻ സരസ് മേളയിലേക്ക് എത്തുന്നവരും നിരവധിയാണ്.