കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതി വഴി രൂപീകരിച്ചത് 40,187 സൂക്ഷ്മ സംരംഭങ്ങള്‍

ഗ്രാമീണ മേഖലയില്‍ വനിതാ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എസ്.വി.ഇ.പി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പദ്ധതി വഴി രൂപീകരിച്ചത് 40187 സൂക്ഷ്മ സംരംഭങ്ങള്‍. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതിയുടെ  ലക്ഷ്യം. നിലവില്‍ അര ലക്ഷത്തോളം വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്ത് പദ്ധതിക്കായി അനുമതി ലഭിച്ച 43 ബ്ളോക്കുകളില്‍  33 എണ്ണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടത്തിപ്പ്.  28705 സംരംഭങ്ങള്‍ക്ക് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ 117.93 കോടി രൂപയുടെ വായ്പാ സഹായവും പദ്ധതി വഴി ലഭ്യമാക്കി. അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകുന്നു.

2017-ല്‍ എറണാകുളം ജില്ലയിലെ വടവുകോട്, പത്തനംതിട്ടയില്‍ പറക്കോട് ബ്ളോക്കുകളിലാണ്  കേന്ദ്രാവിഷ്കൃത സൂക്ഷ്മ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി പദ്ധതിക്ക് തുടക്കമിട്ടത്.  തുടര്‍ന്ന് പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബ്ളോക്കുകളില്‍ പദ്ധതി നടത്തുന്നതിനുളള കേന്ദ്രാനുമതി കുടുംബശ്രീ നേടിയെടുക്കുകയായിരുന്നു.

അയല്‍ക്കൂട്ട വനിതകള്‍ക്കായി ചെറുകിട സംരംഭങ്ങളുടെ രൂപീകരണവും ഒപ്പം ഗുണമേന്‍മയുള്ള  ഉല്‍പന്നങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും ഉല്‍പാദനവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഉല്‍പന്ന വിപണനത്തിനുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഓരോ ബ്ളോക്കിലും അതത് ബ്ളോക്കിനു കീഴിലെ സി.ഡി.എസ് അധ്യക്ഷമാരും വരുമാനദായക ഉപസമിതികണ്‍വീനര്‍മാരും അംഗങ്ങളായ ബി.എന്‍.എസ്.ഇ.പി(ബ്ളോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്‍റര്‍പ്രൈസ് പ്രമോഷന്‍)യും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന അപേക്ഷകള്‍ വിലയിരുത്തുന്നതിനും സംരംഭ മേഖലയിലേക്ക് കടന്നു വരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും അല്ലാത്തര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റു പിന്തുണകളും ഇവിടെ നിന്നു ലഭിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, ബാങ്ക് വായ്പ, ഉല്‍പന്ന വിപണനം, ബ്രാന്‍ഡിങ്ങ്, കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും സ്കീമുകള്‍ വഴി ലഭ്യമാകുന്ന സാമ്പത്തിക പിന്തുണകള്‍ എന്നിവ ബി.എന്‍.എസ്.ഇ.പിയിലെ കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേന ലഭ്യമാക്കും. ഗ്രാമീണ മേഖലയില്‍ സംരംഭരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ബ്ളോക്ക് റിസോഴ്സ് സെന്‍ററുകളുമായി ചേര്‍ന്നു കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം.