‘അരങ്ങി’നൊരുങ്ങുകയാണ് അതിരമ്പുഴ

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗോത്സവമായ അരങ്ങ് 2025 സംസ്ഥാന കലോത്സവത്തിന് ആതിഥ്യമരുളാനുള്ള ഒരുക്കം സജീവമാക്കിയിരിക്കുകയാണ് കോട്ടയം ജില്ല. മേയ് 26 മുതല്‍ 28 വരെ കോട്ടയം ജില്ലയിലെ അതിരമ്പുഴയില്‍ 13 വേദികളിലായാണ് അരങ്ങ് 2025 സംസ്ഥാന കലോത്സവം സംഘടിപ്പിക്കുക.

അരങ്ങിന് മുന്നോടിയായി മേയ് 8ന്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേരുകയും അരങ്ങ് വേദികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രം മാനേജര്‍ വിദ്യ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം കോട്ടയം ജില്ലയില്‍ അരങ്ങ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. സി.ഡി.എസുകളുടെ പങ്കാളിത്തത്തോടെ ചുവരെഴുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 33 വീതം ഇനങ്ങളിലായി ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങളാണ് കലോത്സവത്തിലുണ്ടാകുക. ജില്ലാതല കലോത്സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ചെത്തുന്ന 5000ത്തോളം അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകും.