ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണ രംഗത്ത് സജീവമാകാന്‍ കുടുംബശ്രീ സംരംഭകര്‍. പാപ്പനംകോട് സി.എസ്.ഐ.ആര്-നിസ്റ്റ് മുഖേന വികസിപ്പിച്ച് ഭക്ഷ്യവ്യവസായ മേഖലയില്‍ വിജയിപ്പിച്ച അഞ്ചു സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കും. ചക്കയില്‍ നിന്നുള്ള വിവിധ മൂല്യവര്‍ധിത ഉല്പന്നങ്ങള്, ഉപ്പുമാവ് മിക്സ്, സൂപ്പ് മിക്സ്, പോറിഡ്ജ് മിക്സ് എന്നീ ഇന്‍സ്റ്റന്റ് മില്ലെറ്റ് പ്രൊഡക്ടുകള്‍, റോ ബനാന ഗ്രിറ്റ്സ്, ഫ്രൂട്ട് റോള്‍ അപ്, പാം നീര സിറപ്പ് എന്നീ മൂല്യവര്‍ധിത ഉല്പന്നങ്ങളുമാണ് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തയ്യാറാക്കുക.
നാഷണല്‍ ടെക്നോളജി ദിനത്തോടനുബന്ധിച്ച് പാപ്പനംകോട് സി.എസ്.ഐ.ആര്-നിസ്റ്റില്‍ ‘ഐപി മോണിട്ടൈസേഷന്‍ ആന്‍ഡ് ടെക്നോളജി ട്രാന്‍സ്ഫര്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഗോള്‍ഡന്‍ ജൂബിലി കോണ്‍ക്ളേവില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്, സി.എസ്.ഐ.ആര്-നിസ്റ്റ് ഡയറക്ടര്‍ ഡോ.അനന്ത രാമകൃഷ്ണന് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി. ഉദ്ഘാടകന്‍ നീതി ആയോഗ് അംഗം പത്മഭൂഷണ്‍ ഡോ.വി.കെ സരസ്വതിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറല്‍.
കാര്‍ഷിക രംഗത്തെ ആധുനികവല്‍ക്കരണവും വനിതാ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാ(കെ-ടാപ്)മിന്റെ ഭാഗമായാണ് സാങ്കേതികവിദ്യകള്‍ വാങ്ങുന്നത്. നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കേന്ദ്രീകൃത സാങ്കേതികവിദ്യാ ശേഖരവും തയ്യാറാക്കിയിട്ടുണ്ട്. 180-ലേറെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി ഇക്കഴിഞ്ഞ 9-ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴുങ്ങുവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കൊണ്ട് പന്ത്രണ്ട് സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പു വച്ചിരുന്നു.
നൂതന സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്നതിലൂടെ കര്‍ഷകരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കുക. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 94544 കര്‍ഷക സംഘങ്ങളിലെ 4.3 ലക്ഷത്തോളം വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ കാര്ഷികോല്പാദനം, മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണം, സംസ്ക്കരണം, വിപണനം എന്നിവയിലും മുന്നേറ്റം കൈവരിക്കാനാകും. കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഗുണനിലവാരമുളള ഉല്പന്നങ്ങളും നിര്‍മിക്കും. ദേശീയ അന്തര്‍ദേശീയ വിപണികളില്‍ കുടുംബശ്രീ കാര്‍ഷിക ഉല്പന്നങ്ങള് വിപണനം ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കേഷനുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പദ്ധതി വഴി ഉറപ്പു വരുത്തും.
നാഷണല്‍ ടെക്നോളജി ദിനത്തോടനുബന്ധിച്ച് ‘ഐപി മോണിട്ടൈസേഷന്‍ ആന്‍ഡ് ടെക്നോളജി ട്രാന്‍സ്ഫര്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഗോള്‍ഡന്‍ ജൂബിലി കോണ്‍ക്ളേവ് നീതി ആയോഗ് അംഗം പത്മഭൂഷണ്‍ വി.കെ സരസ്വത് ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ.ആര്-നിസ്റ്റ് ഡയറക്ടര്‍ ഡോ.സി അനന്തകൃഷ്ണന് അധ്യക്ഷനായി. സി.എസ്.ഐ.ആര്-നിസ്റ്റ് ചീഫ് സയന്റിസ്റ്റ് ഡോ.പി നിഷി സ്വാഗതം പറഞ്ഞു. സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആര്.എസ് പ്രവീണ്‍ രാജ് നന്ദി പറഞ്ഞു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ് എ, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.നിഷ, അഗ്രോ പ്രോസസിങ്ങ് വിഭാഗം മേധാവി ഡോ.കെ.വി രാധാകൃഷ്ണന് എന്നിവര്‍ ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.
