കളിചിരികളും ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായി ബാലസഭാംഗങ്ങളുടെ മധ്യവേനല്‍ അവധിക്കാലം സര്‍ഗാത്മകമാക്കി കുടുംബശ്രീ. മെയ് ആദ്യവാരം മുതല്‍ ആരംഭിച്ച മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിലാണ് കുട്ടികള്‍ തങ്ങളുടെ അവധിക്കാലം വ്യക്തിത്വ വികാസത്തിനായി മാറ്റി വച്ചത്. മെയ് ആദ്യവാരം ആരംഭിച്ച സമ്മര്‍ ക്യാമ്പുകള്‍ നിലവില്‍ പതിമൂന്ന് ജില്ലകളില്‍ പൂര്‍ത്തിയായി. കാസര്‍കോട് ജില്ലയില്‍ 28-ന് പൂര്‍ത്തിയാകും.
ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള അഭിരുചികള്‍ കണ്ടെത്തി അതു വികസിപ്പിക്കുകയാണ് ‘മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിന്‍റെ ലക്ഷ്യം. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനും സമൂഹനന്‍മയ്ക്കും ഉതകുന്ന വിധത്തില്‍ നൂതന ആശയങ്ങള്‍ സ്വയം കണ്ടെത്താനും അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്.
കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘മൈന്‍ഡ് ബ്ളോവേഴ്സ്’ ക്യാമ്പയിന്‍റെ തുടര്‍ച്ചയാണ് ‘ലിയോറ ഫെസ്റ്റ്’ സമ്മര്‍ ക്യാമ്പ്. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത അമ്പത് കുട്ടികള്‍ വീതമാണ് ക്യാമ്പില്‍ പങ്കെടുത്തത്. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്‍റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. വിവിധ ഗെയിമുകളിലൂടെയും ഗ്രൂപ്പ് ആക്ടിവിറ്റികളിലൂടെയും കുട്ടികള്‍ക്കിടയില്‍ സംഘബോധവും നേതൃശേഷിയും വളര്‍ത്തുന്നതിനും ക്യാമ്പ് സഹായകമായി. അന്തര്‍മുഖത്വം മാറ്റിവച്ച് ആത്മവിശ്വാസത്തോടെ വേദിയില്‍ കയറി നിന്ന് പാടാനും നൃത്തം ചെയ്യാനും പ്രസംഗിക്കാനുമുള്ള മികവ് സ്വന്തമാക്കിയാണ് പല കുട്ടികളും ക്യാമ്പില്‍ നിന്നും മടങ്ങിയത്.
സമ്മര്‍ ക്യാമ്പില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീയും ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനും സംയുക്തമായി സമ്മര്‍ മണ്‍സൂണ്‍ ഫെല്ലോഷിപ്പും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനങ്ങളും നല്‍കും. മികവിന്‍റെ അടിസ്ഥാനത്തില്‍ 140 കുട്ടികള്‍ക്ക് 2026-ല്‍ സംഘടിപ്പിക്കുന്ന ‘ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി’ല്‍ ആശയാവതരണം നടത്താനുളള അവസരവും കുടുംബശ്രീ ലഭ്യമാക്കും
