ബാങ്കിങ്ങ് സേവനങ്ങള്‍ താഴെ തട്ടില്‍ എത്തിക്കുന്നതിനും സാധാരണക്കാര്‍ക്ക് ബാങ്കിങ്ങ് സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്നതിനുമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ 760 ബിസിനസ് കറസ്പോണ്ടന്റ് സഖി(ബി.സി സഖി)മാര്‍. ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍ക്കും പെന്ഷന് വാങ്ങുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പോകേണ്ടി വരുന്ന ശാരീരിക അവശത അനുഭവിക്കുന്നവരുമായ വ്യക്തികള്‍ക്ക് ബി.സി സഖിമാരുടെ സേവനം ഏറെ സഹായകമാകും. ഒരു സി.ഡി.എസില്‍ ഒരു ബി.സി സഖി എന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ സാമൂഹിക പെന്ഷന് വാങ്ങുന്ന അഗതി കുടുംബങ്ങളിലെ അംഗങ്ങളായ അനേകം പേര്‍ക്ക് ബി.സി സഖിമാരുടെ സേവനം പ്രയോജനപ്പെടുന്നുണ്ട്.
ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ബാങ്കുകള്‍ നടപ്പാക്കുന്ന നിക്ഷേപ പദ്ധതികള്‍, വ്യക്തിഗത ചെറുകിട വായ്പകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, പണം നിക്ഷേപിക്കലും പിന്‍വലിക്കലും തുടങ്ങി നിരവധി സേവനങ്ങള്‍ ബി.സി സഖിമാര്‍ മുഖേന ലഭ്യമാകും. കൂടാതെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ റെക്കറിങ്ങ് ഡെപ്പോസിറ്റ് സ്കീം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭിക്കും. പതിനായിരം രൂപ വരെയുള്ള ധന ഇടപാടുകള്‍ ഇവര്‍ മുഖേന നടത്താനാകും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നു തന്നെ തിരഞ്ഞെടുത്ത അംഗങ്ങളാണ് ബി.സി സഖിമാര്‍. ബാങ്കിങ്ങ് സേവനങ്ങള്‍ നല്‍കുന്നതിന് കമ്മീഷന് വ്യവസ്ഥയിലാണ് ഇവര്‍ക്ക് വരുമാനം ലഭിക്കുക. കൂടാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുടുംബശ്രീ മുഖേന സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.
ഈ വര്‍ഷം 400 സി.ഡി.എസുകളില്‍ കൂടി ബി.സി സഖിമാരെ നിയമിക്കും. ഇതിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തി ബാങ്കുകള്‍ക്ക് ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജന്‍സികള്‍ മുഖേനയാണ് ഇവരെ നിയമിക്കുന്നത്.
