കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി ഇനി ലക്ഷദ്വീപിലും… കുടുംബശ്രീയും ലക്ഷദ്വീപും ധാരണാ പത്രം ഒപ്പു വച്ചു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര ലഭ്യത ആരോഗ്യം ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി മാതൃക ഇനി ലക്ഷദ്വീപിലും. കുടുംബശ്രീ മാതൃക ഇതര സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മുഖേനയാണ് ലക്ഷദ്വീപില്‍ പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ലക്ഷദ്വീപ് റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് സലിം എന്നിവര്‍ ധാരണാപത്രം കൈമാറി.  

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി 2018-ലാണ് ലക്ഷദ്വീപില്‍ അയല്‍ക്കൂട്ട രൂപീകരണം ആരംഭിച്ചത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപഘടകമായ. എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതി നടപ്പാക്കുന്നതോടെ സ്ത്രീശാക്തീകരണം, ഉപജീവനം  എന്നീ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. സ്ത്രീകള്‍ക്കായി പോഷകസമ്പുഷ്ടമായ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണമടക്കം വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ രൂപീകരിക്കും. ഇതു വഴി സ്ത്രീകള്‍ക്ക് വരുമാനത്തോടൊപ്പം പോഷകഗുണങ്ങളും ആരോഗ്യവും ഒരേ സമയം ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. കൂടാതെ ഓരോ അയല്‍ക്കൂട്ട കുടുംബത്തിനും ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകം ലഭ്യമാക്കുന്നതിന് കാര്‍ഷിക പോഷകോദ്യാനങ്ങളും ഒരുക്കും.  

സ്ത്രീകളുടെ മനോഭാവ മാറ്റത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിലുണ്ട്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍, കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വയോജനങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പോഷാകാഹാരം, ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും മെഡിക്കല്‍  ക്യാമ്പുകളും സംഘടിപ്പിക്കും. ഇതിനായി ലക്ഷദ്വീപിലെ ആരോഗ്യം, വനിതാശിശു വികസനം,  എക്സൈസ്, തുടങ്ങി വിവിധ വകുപ്പുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. കുടുംബശ്രീ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരും ഐലന്‍ഡ് ലെവല്‍ ഫെഡറേഷന്‍ പ്രതിനിധികളും സംയുക്തമായാണ് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടത്തുക.  
നിലവില്‍ സംസ്ഥാനത്ത് എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി  42 ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍ ആര്‍ത്തവ ശുചിത്വം, സ്ത്രീകള്‍ക്ക് പോഷകാഹാരത്തിന്‍റെ അനിവാര്യത എന്നിവയുമായി ബന്ധപ്പെട്ട് അവബോധ പരിശീലനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനേസേഷന്‍ പ്രോഗ്രാം മാനേജര്‍ പ്രിയാ പോള്‍, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മിനീഷ് എബ്രഹാം, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ സിമി സൂസന്‍ മോന്‍സി, തീമാറ്റിക് ആങ്കര്‍ ആല്‍ബി വില്‍സണ്‍ എന്നിവര്‍ ധാരണാ പത്രം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു