കുടുംബശ്രീ വാര്‍ഷികാഘോഷവും സംസ്ഥാനതല അവാര്‍ഡ് വിതരണവും കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും  മന്ത്രി എം. ബി രാജേഷ് നിര്‍വഹിച്ചു

2024 ഫെബ്രുവരിയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്‍റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ കുടുംബശ്രീ മുഖേന 3,06,862 അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കാര്‍ഷിക കാര്‍ഷികേതര ഉപല്‍പാദന സേവന വ്യാപാര മേഖലകളില്‍ സ്വയംതൊഴിലും വേതനാധിഷ്ഠിത തൊഴിലും ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്.  വിജ്ഞാന കേരളം പദ്ധതിയുമായും കെഡിസ്കുമായും സഹകരിച്ചു കൊണ്ട് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വനിതകള്‍ക്ക് കൂടി പ്രാദേശികതലത്തില്‍ വിവിധ മേഖലകളിലായി തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ കുടുംബശ്രീ ഇരുപത്തിയേഴാം വാര്‍ഷികാഘോഷം, സംസ്ഥാനതല അവാര്‍ഡ് വിതരണം എന്നിവയുടെ ഉദ്ഘാടനവും കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരുപത്തിയേഴ് വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അടുക്കളയില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണം നേടാന്‍ കുടുംബശ്രീ വഴിയൊരുക്കി. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടു കൊണ്ടാരംഭിച്ച കുടുംബശ്രീ ഇന്ന് വൈവിധ്യമാര്‍ന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു. ഇന്ന് ഒന്നര ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങള്‍ കുടുംബശ്രീയുടെ കീഴിലുണ്ട്. കൊച്ചി മെട്രോ വാട്ടര്‍ മെട്രോ എന്നിവയിലും പാലക്കാട് ഐ.ഐ.ടിയിലും വരെ കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നു. കെയര്‍ ഇക്കണോമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കെ4കെയര്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ അഞ്ഞൂറിലേറെ വനിതകള്‍ക്കും തൊഴില്‍ ലഭ്യമായിട്ടുണ്ട്. നാല് ലക്ഷത്തിലേറെ വനിതകള്‍ ഇരുപതിനായിരത്തിലേറെ ഹെക്ടര്‍ സ്ഥലത്ത് കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്നു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ചിക്കന്‍ ഉല്‍പാദനം രണ്ടു ശതമാനത്തില്‍ നിന്നും എട്ടു ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം ഉല്‍പാദം അമ്പത് ശതമാനമായി ഉയര്‍ത്തും. മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാതിക്കരിക്കുന്നതില്‍ കുടുംബശ്രീയുടെ ഹരിതകര്‍മസേന കേരളത്തിന്‍റെ ശുചിത്വ സേനയായി മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്.   ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാകാന്‍ കേരളമൊരുങ്ങുകയാണ്. 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയും അതില്‍ തൊണ്ണൂറു ശതമാനം കുടുംബങ്ങളെയും ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി കുടുംബങ്ങളെയും ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിച്ചു കൊണ്ട് 2025 നവംബര്‍ ഒന്നിന് അതിദാരിദ്ര്യ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് ലക്ഷ്യം. ഈ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നി്നനു മോചിപ്പിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ

വലുതാണെന്നും അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കുടംബശ്രീയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നല്‍കുന്ന ഗ്രീന്‍ ഫെല്ലോഷിപ്പിന്‍റെ വിതരണോദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.

കേരളത്തിന്‍റെ സാമൂഹ്യമാറ്റത്തില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിര്‍ണായകമാണെന്നും കുടുംബശ്രീ  പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകള്‍ സാമൂഹ്യമായും സാമ്പത്തികമായും ശാക്തീകരിക്കപ്പെട്ടതിനൊപ്പം ആത്മവിശ്വാസവും നേതൃശേഷിയും നേടിയെന്നും ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആയിരം സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബുക്ക്, സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിട്ടറി പാഡ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുന്നതിന് മാ കെയര്‍ മാതൃകയില്‍ കുടുംബശ്രീയുടെ കിയോസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യാതിഥിയായ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

മികച്ച അയല്‍ക്കൂട്ടം, മികച്ച എ.ഡി.എസ്, മികച്ച ഓക്സിലറി ഗ്രൂപ്പ്, മികച്ച ഊരുസമിതി, മികച്ച സംരംഭ ഗ്രൂപ്പ്, മികച്ച സംരംഭക, മികച്ച ഓക്സിലറി സംരംഭം, മികച്ച സി.ഡി.എസ്(സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണ നിര്‍വഹണം, മൈക്രോ ഫിനാന്‍സ്)മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍),മികച്ച സി.ഡി.എസ്(ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (കാര്‍ഷിക മേഖല), മികച്ച സി.ഡി.എസ്(കാര്‍ഷികേതര മേഖല), മികച്ച ബഡ്സ് സ്ഥാപനം, മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, മികച്ച സ്നേഹിത, മികച്ച ജില്ലാ മിഷന്‍, മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല എന്നിങ്ങനെ പതിനേഴ് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കിയത്. എല്ലാ അവാര്‍ഡിനൊപ്പവും കാഷ് അവാര്‍ഡും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.  

ഉദ്ഘാടനത്തിനു മുന്നോടിയായി കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് മത്സരത്തില്‍ മികവ് പുലര്‍ത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതവും കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് സംരംഭമായ ടീംഗ്രാമം കലാസംഘം അവതരിപ്പിക്കുന്ന ‘വീര നടനം’ നൃത്തപരിപാടിയും അരങ്ങേറി.

അവാര്‍ഡ് വിവരങ്ങള്‍

1. മികച്ച അയല്‍ക്കൂട്ടം1.  പൗര്‍ണ്ണമി അയല്‍ക്കൂട്ടം ( സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ്, വയനാട്)
2.ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്)
3. അശ്വതി അയല്‍ക്കൂട്ടം (തിരുവാണിയൂര്‍ സി.ഡി.എസ്, എറണാകുളം)

2. മികച്ച എ.ഡി.എസ്
1. തിച്ചൂര്‍ എ.ഡി.എസ്(വരവൂര്‍ സി.ഡി,എസ്, തൃശൂര്‍)
2.   പുന്നാംപറമ്പ് എ.ഡി.എസ്(ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്)
3. മാട്ടറ എ.ഡി.എസ്(ഉളിക്കല്‍, കണ്ണൂര്‍)

3. മികച്ച ഓക്സിലറി ഗ്രൂപ്പ്
1.  വയനാട് സുല്‍ത്താന്‍ ബത്തേരി സി.ഡി.എസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പ്
2.  പുനര്‍ജ്ജനി(പോര്‍ക്കുളം, തൃശൂര്‍)
3. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സി.ഡി.എസിലെ വിങ്ങ്സ് ഓഫ് ഫയര്‍, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സി.ഡി.എസിലെ വൈഭവം ഓക്സിലറി ഗ്രൂപ്പുകള്‍ക്ക്

4. മികച്ച ഊരുസമിതി
1. പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്ത് സമിതിയിലെ ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതി
2. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിലെ സ്ത്രീശക്തി ഊരുസമിതി

5. മികച്ച സംരംഭ ഗ്രൂപ്പ്
1. സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്(താഴെക്കാട് സി.ഡി.എസ്, മലപ്പുറം)
2.  ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ്(തിരുമിറ്റക്കോട്, പാലക്കാട്)
3. നന്‍മ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്(പൊഴുതന, വയനാട്) മൂന്നാം സ്ഥാനവും നേടി.

5. മികച്ച സംരംഭക  
1. ശരീഫ(മലപ്പുറം നഗരസഭാ സി.ഡി.എസ്-2, മലപ്പുറം)
2. ഏലിയാമ്മ ഫിലിപ്പ്(പനത്തടി, കാസര്‍കോട്)
3. സന്ധ്യ ജെ(പുളിമാത്ത്, തിരുവനന്തപുരം)

7. മികച്ച ഓക്സിലറി സംരംഭം
1. ടീം ഗ്രാമം (പൂതാടി, വയനാട്)
2. വണ്‍ 18 (വരവൂര്‍, തൃശൂര്‍)
3. എ.ജീസ് ആരണ്യകം ഹോംസ്റ്റേ ആന്‍ഡ് കഫേ (അമരമ്പലം, മലപ്പുറം)

8. മികച്ച സി.ഡി.എസ്(സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണ നിര്‍വഹണം, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം)
1. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ സി.ഡി.എസ്
2. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസ്
3. തൃശൂര്‍ ജില്ലയിലെ വരവൂര്‍ സി.ഡി.എസ്

9. മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍)
1. തൃശൂര്‍ ജില്ലയിലെ വരവൂര്‍ സിഡി.എസ്
2. കിനാലൂര്‍-കരിന്തളം(കാസര്‍കോട്),
3. കാവിലുംപാറ(കോഴിക്കോട്)

10. മികച്ച സി.ഡി.എസ്(ട്രൈബല്‍ പ്രവര്‍ത്തനം)
1. ഇടുക്കി ജില്ലയിലെ മറയൂര്‍ സി.ഡി.എസ്
2. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസ്

11. മികച്ച സി.ഡി.എസ്(കാര്‍ഷിക മേഖല, മൃഗസംരക്ഷണം)
1. വരവൂര്‍(തൃശൂര്‍) സി.ഡി.എസ്
2. കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക
3. എറണാകുളം ജില്ലയിലെ വാളകം സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

12. മികച്ച സി.ഡി.എസ്(കാര്‍ഷികേതര ഉപജീവനം)
1. ഇടുക്കി ജില്ലയിലെ മരിയാപുരം സി.ഡി.എസ്
2. മുട്ടില്‍(വയനാട്)
3.ശാസ്താംകോട്ട(കൊല്ലം)

13. മികച്ച ബഡ്സ് സ്ഥാപനം
1. പഴശ്ശിരാജ(മട്ടന്നൂര്‍ സി.ഡി.എസ്, കണ്ണൂര്‍)
2. ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്കൂള്‍(തിരുനെല്ലി, വയനാട്)
3. സ്പെക്ട്രം സ്പെഷല്‍ സ്കൂള്‍(മാറഞ്ചേരി, മലപ്പുറം)

14. മികച്ച ജി.ആര്‍.സി
1. വാഴയൂര്‍(മലപ്പുറം)ജി.ആര്‍.സി
2. നന്ദിയോട്(തിരുവനന്തപുരം)
3. പള്ളിപ്പുറം(എറണാകുളം)  

15. മികച്ച സ്നേഹിത
1. മലപ്പുറം
2. തൃശൂര്‍
3. തിരുവനന്തപുരം

16.  മികച്ച ജില്ലാ മിഷന്‍
1. കൊല്ലം
2. തൃശൂര്‍
3. എറണാകുളം, വയനാട്

17. മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല
1. കൊല്ലം
2. തൃശൂര്‍
3. എറണാകുളം