നഗരപ്രദേശങ്ങള്‍ ഹരിതാഭമാക്കാന്‍ ‘വിമന്‍ ഫോര്‍ ട്രീ’- ഹരിത നഗരം ക്യാമ്പയിന് തുടക്കം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട്  സംഘടിപ്പിക്കുന്ന ‘വിമന്‍ ഫോര്‍ ട്രീ’-ഹരിത നഗരം ക്യാമ്പയിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. സ്ത്രീകളിലൂടെ നഗരഹരിതവല്‍ക്കരണവും ശുചിത്വവുമാണ് ക്യാമ്പയിന്‍റെ ലക്ഷ്യം. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗരസഭാ പ്രദേശങ്ങളില്‍ തണല്‍ മരങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കാനുള്ള സാധ്യതാ പരിശോധന ഇന്നലെ(21-5-2025) ആരംഭിച്ചു. അയല്‍ക്കൂട്ട വനിതകള്‍ മുഖേന കണ്ടെത്തുന്ന ഇടങ്ങളില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുമുതല്‍ ഓഗസ്റ്റ് വരെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനം.  നഗരമേഖലയിലെ ജലാശയങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുടെ സമീപവും വഴിയോരങ്ങളിലുമാണ് പ്രധാനമായും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക. ഇതിനാവശ്യമായ വൃക്ഷത്തൈകള്‍ കൃഷി വകുപ്പ്, കുടുംബശ്രീ നഴ്സറികള്‍, മറ്റു പ്രാദേശിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭ്യമാക്കും.
 
ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ മുഖേനയാകും മരങ്ങള്‍ നടാനുള്ള സാധ്യതകള്‍ കണ്ടെത്തുക.  നഗരസഭകളും ഇതില്‍ പങ്കാളികളാകും. റെസിഡന്‍റ്സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും തേടും.

വൃക്ഷത്തൈ നടീലും തുടര്‍ പരിപാലനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി   നഗരമേഖലയിലെ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ ഇവര്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമാകുന്നതിന് അവസരമൊരുങ്ങും. കുടുംബശ്രീ പ്ളാന്‍റ് നഴ്സറികള്‍, കമ്പോസ്റ്റ് യൂണിറ്റുകള്‍ എന്നിവയെയും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി  ബന്ധിപ്പിക്കും. നഗരഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അമൃത് മിഷന്‍റെ സഹകരണവും ഉണ്ടാകും. സുസ്ഥിര നഗര വികസനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നഗരങ്ങളിലെയും പട്ടണങ്ങളിലെയും സ്ത്രീകള്‍ക്ക് മികച്ച ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും ക്യാമ്പയിന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
 
കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ആസൂത്രണം ചെയ്ത് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് വിമന്‍ ഫോര്‍ ട്രീ-ഹരിതനഗരം ക്യാമ്പയിന്‍. അമൃത് മിഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന നഗര ഉപജീവന മിഷനുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍, വനംവകുപ്പ് എന്നിവയുമായി സംയോജിച്ചു കൊണ്ടാണ് ക്യാമ്പയിന്‍ നടത്തുക. സാധ്യതാ പരിശോധന നാളെ (മെയ് 23) പൂര്‍ത്തിയാകും.