വയനാട്ടിലെ ബ്രെവ്‌സ (ചലനം ഇഫക്ട് – 1)

വയനാട് ജില്ലയിലെ മാനന്തവാടി മാനന്തവാടി നഗരസഭാ സി.ഡി.എസിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടതാണ് ബ്രെവ്‌സ കോഫി പൗഡര്‍ യൂണിറ്റ്. ചലനം ക്യാമ്പിന്റെ ഭാഗമായാണ് ഒരു വരുമാനദായക പ്രവര്‍ത്തനമായി ഈ കാപ്പിപ്പൊടി നിര്‍മ്മാണ യൂണിറ്റ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ചത്.

ഉപജീവന ഉപസമിതി സംഗമത്തിലാണ് ബ്രെവ്‌സ കോഫീ പൗഡര്‍ ആദ്യമായി പുറത്തിറക്കിയത്. വയനാടന്‍ കാപ്പിക്കുരുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ച് മായങ്ങളൊന്നും ഇല്ലാതെ ഉണക്കിപ്പൊടിച്ച് കാപ്പിപ്പൊടിയാക്കി ബ്രെവ്‌സ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നു.

മാനന്തവാടി നഗരസഭാ സി.ഡി.എസ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഞ്ച് സ്ത്രീകളാണ് ഈ യൂണിറ്റിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ സംരംഭം തുടങ്ങുന്നതിനോടൊപ്പം മികച്ച ഒരു ഉല്‍പ്പന്നം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്നതിന്റെ സന്തോഷത്തിലാണിവര്‍.