ചലനം ക്യാമ്പയിന്റെ ഭാഗമായി പുത്തനുണര്‍വ് ലഭിച്ച സി.ഡി.എസ് ഉപസമിതിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ബാലസഭാംഗങ്ങള്ക്ക് വേണ്ടി പ്രത്യേക ക്യാമ്പും പരിശീലനവും സംഘടിപ്പിക്കുകയായിരുന്നു കൊല്ലം പുനലൂര്‍ നഗരസഭാ സി.ഡി.എസ്. നഗര ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭ, കുടുംബശ്രീ ബാലസഭകള്ക്കായി മാറ്റിവച്ച സാമൂഹ്യവികസന ഫണ്ടാണ് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ വിനിയോഗിച്ചത്. ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ നടത്തിയ ഇടപെടലാണ് ഇത്തരമൊരു ക്യാമ്പിന് പണം നീക്കി വയ്ക്കാൻ നഗരസഭയെ പ്രേരിപ്പിച്ചത്.
പരിശീലന പരിപാടിയുടെ വിഷയം തെരഞ്ഞെടുക്കല്‍, സന്നദ്ധരായ പരിശീലകരെ തീരുമാനിക്കല്‍, നോട്ടീസ് തയാറാക്കല്‍, ഭക്ഷണവും പരിശീലന വേദിയുമൊരുക്കല്, പൂര്‍ണ്ണമായ സംഘാടനം എന്നിവയെല്ലാം കുടുംബശ്രീ സി.ഡി.എസ് ഉപസമിതി അംഗങ്ങളാണ് നിര്‍വഹിച്ചത്. പുനലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പരിശീലന പരിപാടി. നഗരസഭാ ചെയര്‍പേഴ്സണ്‍, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഉപസമിതി അംഗങ്ങള്‍ എന്നിവരെല്ലാവരും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. കുട്ടികളും സംഘാടകരും ആദ്യാവസാനം സജീവമായി പങ്കെടുത്തു.
നാട്ടറിവ്, നാടന്‍പാട്ട്, പ്രാദേശിക സര്‍ക്കാര്‍ സംവിധാനത്തെ അടുത്തറിയല്‍, മരവും മനുഷ്യനും, കഥയെഴുത്തും കവിതയെഴുത്തും, കുട്ടികള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍, ലഹരിയുടെ ചതിക്കുഴികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളായിരുന്നു ക്യാമ്പിന്റെ പഠന വിഷയങ്ങള്‍. ഓരോ വാര്‍ഡിലെയും ബാലസഭകളുടെ കൂട്ടായ്മയില്‍ നിന്ന് എ.ഡി.എസ് നേതൃത്വം തെരഞ്ഞെടുത്ത കുട്ടികളാണ് ക്യാമ്പിന്റെ ഭാഗമായത്. കളിച്ചും ചിരിച്ചും പാട്ടുപാടിയും കഥ പറഞ്ഞും അഭിനയിച്ചും ക്യാമ്പ് കുട്ടികള്‍ ആഘോഷമാക്കി.
