കാഞ്ഞങ്ങാട് നഗരസഭ സി.ഡി.എസ് 2വില്‍ ചലനം മെന്റര്‍ഷിപ്പ് പരിപാടിയുണ്ടാക്കിയ മാജിക്കിന്റെ ഫലമാണ് ടര്‍ക്കിഷ് മാജിക് സ്പൈസസ് എന്ന മസാലപ്പൊടികള്‍. ചിക്കനോ ബീഫോ ചെമ്മീനോ സോയാബീനോ കോളിഫ്ളവറോ എന്തും ഫ്രൈ ചെയ്യാന്‍ ഈ റെഡിമെയ്ഡ് മസാലപ്പൊടി ഉപയോഗിക്കാം.
ചലനം മെന്റര്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി നഗരസഭയില്‍ നടത്തിയ സംരംഭ വികസന പരിപാടിയില്‍ പങ്കെടുത്തതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടാം വാര്‍ഡിലെ സൗഹൃദ അയല്‍ക്കൂട്ട അംഗമായ പര്വ്വീന്.കെ ആണ് ഈ മാജിക് മസാലയുടെ ആശയം പങ്കുവച്ചത്. പര്‍വ്വീന്റെ ആശയത്തിന് അയല്‍ക്കൂട്ടവും സി.ഡി.എസും പൂര്‍ണ്ണ പിന്തുണ നല്കി. ടര്‍ക്കിഷ് മാജിക് മസാലപ്പൊടികള്‍ എന്ന ഉത്പന്നം പുറത്തിറക്കാന്‍ പിന്നീട് അധികം വൈകിയില്ല. യൂണിറ്റ് രൂപീകരിച്ച് സി.ഡി.എസില്‍ രജിസ്റ്റര്‍ ചെയ്തു. വിപണിയില്‍ മസാല ഹിറ്റായതോടെ മികച്ച പാക്കിങ്ങും ലേബലിങ്ങുമെല്ലാം നടത്തി കൂടുതല്‍ വിപണിയിലേക്ക് ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കി തുടങ്ങി.
കുടുംബശ്രീ വിപണനമേളകള്, ചന്തകള്‍,അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു തുടക്കത്തില്‍ മസാലപ്പൊടികള്‍ വിറ്റഴിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന കുട്ടികള്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍ എന്നിവരെല്ലാം ഈ മസാലപ്പൊടികളുടെ സ്ഥിരം ഉപഭോക്താക്കളാണ്. കൂടാതെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്ഥിരം ഉപഭോക്താക്കളുണ്ട്.
