കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനാണ് നല്ലെഴുത്ത്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ രേഖകളും രജിസ്റ്ററുകളും കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പേരെ പ്രാപ്തരാക്കുക, രേഖകളുടെ നാളിതീകരണം കൃത്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നല്ലെഴുത്ത് ക്യാമ്പയിന് സംഘടിപ്പിച്ചത്. കുടുംബശ്രീയുടെ ഭാരവാഹിത്വത്തിലേക്ക് കൂടുതല്‍ പേരെ മുന്നോട്ട് കൊണ്ടുവരിക, ഏകീകൃത രീതിയിലും സുതാര്യമായും സംഘടനാ സംവിധാനത്തെ ചലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായിരുന്നു നല്ലെഴുത്തിനുണ്ടായിരുന്നത്.
സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യമുള്ള 11 പേരെ കണ്ടെത്തി ശില്‍പ്പശാല സംഘടിപ്പിച്ച് മോഡ്യുളുകള്‍ തയ്യാറാക്കുകയായിരുന്നു ക്യാമ്പയിന്റെ ആദ്യപടി. പിന്നീട് ഡിവിഷന് തലത്തില്‍ ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു റിസോഴ്സ് പേഴ്സണെ കണ്ടെത്തി പരിശീലനം നല്കി. 300 റിസോഴ്സ് പേഴ്സണ്‍മാരെ ഇത്തരത്തില്‍ സജ്ജമാക്കി.
2024 ഡിസംബര്‍ മാസം 29ാം തീയതി നഗരസഭയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും പരമാവധി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും. കലണ്ടര്‍ തയ്യാറാക്കുകയും ചെയ്തു. 2000ത്തിലധികം പേരെ ഇതിനോടകം മിനിറ്റ്സ് ഉള്‍പ്പെടെയുള്ള മറ്റ് രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കി. ഡിജിറ്റല്‍ സാക്ഷരത, ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധന, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിവിധ തുടര്‍പരിശീലനങ്ങള്‍ ഈ റിസോഴ്സ് ടീം മുഖേന നടത്താനും നഗരസഭാ സി.ഡി.എസ് ലക്ഷ്യമിട്ടിരിക്കുന്നു.
