റെഡിയാണ് റെഡ്മി

ഇക്കഴിഞ്ഞ ഓണം മുതല്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ നഗരസഭയിലെങ്ങും സംസാര വിഷയമാണ് റെഡ്മി ഇവന്റ് മാനേജ്മന്റ് ടീം. ചലനം മെന്റര്‍ഷിപ്പ് പരിപാടിയോട് അനുബന്ധിച്ച് നഗരസഭയ്ക്ക് കീഴിലുള്ള 20 അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്ന് തുടക്കമിട്ട ഈ സംരംഭം ഇപ്പോള്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് ശ്രദ്ധേയ നേട്ടത്തോടെ മുന്നേറുകയാണ്.

വിവാഹ ചടങ്ങാണെങ്കില്‍ വധുവിനെ അണിയിച്ചൊരുക്കുന്ന ബ്യൂട്ടീഷന്‍ സേവനം മുതല്‍ ഭക്ഷണം പാചകം ചെയ്യല്‍, വിളമ്പി നല്‍കല്‍, വാഹന സൗകര്യങ്ങളൊരുക്കല്‍, കലാപരിപാടികള്‍ എന്നിങ്ങനെ എല്ലാവിധ ജോലികളും നിര്‍വഹിക്കാന്‍ റെഡ്മി ടീം റെഡിയാണ്. വിവാഹം കൂടാതെ മറ്റ് ആഘോഷ പരിപാടികളും ഈ ഇവന്റ് മാനേജ്‌മെന്റ് ടീം ഏറ്റെടുത്ത് നടപ്പിലാക്കും.

കുടുംബശ്രീ മുഖേന ലഭ്യമായ വൈദഗ്ധ്യ പരിശീലനത്തിന് ശേഷം നഗരസഭയിലെ ഓണാഘോഷ പരിപാടിയുടെ സംഘാടനത്തോടെയാണ് ടീമിന്റെ പ്രവര്‍ത്തന ഉദ്ഘാടനം റെഡ്മി സംഘം അവിസ്മരണീയമാക്കിയത്. അന്നേ ദിനം തന്നെ ഇവര്‍ക്ക് വിവിധ പരിപാടികളുടെ ഇവന്റ് മാനേജ്‌മെന്റ് ഓര്‍ഡറുകളും ലഭിച്ചു. ഇതുവരെ എ.ഡി.എസ് സ്‌നേഹ സംഗമങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പരിപാടികളുടെ ഇവന്റ് മാനേജ്‌മെന്റ് ഈ ടീം നിര്‍വഹിച്ചു കഴിഞ്ഞു. പാലക്കാട് തൃത്താലയില്‍ അടുത്ത ജനുവരിയില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയില്‍ സര്‍വീസ് ടീമായും ഇവര്‍ പ്രവര്‍ത്തിക്കും.

റെഡ്മിയുടെ സേവനങ്ങള്‍ക്കായി നഗരസഭ സി.ഡി.എസ് ഓഫീസുമായോ 97478 53336, 9846366358, 7592006328 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്. അതേ റെഡ്മി റെഡിയാണ്.