നിളയോരത്തിരുന്ന് ഒരു ചായ ആയാലോ…

കുടുംബശ്രീ ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഷൊർണൂർ നഗരസഭയില്‍ തുടക്കമായ സായാഹ്ന ഭക്ഷണശാല. അതാണ് നിളയോരം… ഭാരതപ്പുഴയ്ക്ക് കുറുകെ പഴയ ടോള്‍ ബൂത്തിന് സമീപമാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചലിപ്പിക്കാന്‍ കഴിയുന്ന ഈ സായാഹ്ന ഭക്ഷണശാല ആരംഭിച്ചിരിക്കുന്നത്.

നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഭരണസമിതിക്കുള്ള പരിശീലനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ മണര്‍കാട് പ്രവര്‍ത്തിക്കുന്ന ‘നാലുമണിക്കാറ്റ്’ സായാഹ്ന ഭക്ഷണശാല സന്ദര്‍ശിച്ചതില്‍ നിന്നുണ്ടായ പ്രചോദനത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം തങ്ങളുടെ നഗരസഭാ പരിധിയിലും പ്രാവര്‍ത്തികമാക്കാമല്ലോ എന്ന ആലോചനയുണ്ടായത്. പിന്നീട് ചേര്‍ന്ന ഭരണസമിതി ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുകയായിരുന്നു.

3.30 ലക്ഷം രൂപയാണ് ഒരു കിയോസ്കിന്റെ ആകെ മുതൽ മുടക്ക്. ഇത്തരത്തിൽ അഞ്ച് കിയോസ്ക് ആണ് ആരംഭിക്കുക. ഇതിൽ ഒരു കിയോസ്കിന് 1.5 ലക്ഷം രൂപ എന്ന ക്രമത്തിൽ 5 യൂണിറ്റുകൾക്ക് 7.5 ലക്ഷം രൂപ നഗരസഭ പ്ലാൻഫണ്ടിൽ നിന്നും സബ്‌സിഡി ആയി ഗുണഭോക്താക്കൾക്ക് മാറ്റിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിൽ രണ്ട് സംരംഭകരാണുള്ളത്. ഇത്തരത്തിൽ ആരംഭിക്കുന്ന കിയോസ്കുകളിലെ ആദ്യ  സായാഹ്ന ഭക്ഷണശാലയാണിത്. ശേഷിച്ച ഭക്ഷണശാലകളും ഉടന്‍ ആരംഭിക്കും. കാനറാ ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകളാണ് ലോൺ ലഭ്യമാക്കിയിട്ടുള്ളത്. ചായ, കോഫി, ജ്യൂസ്, ലഘു ഭക്ഷണം, കുടിവെള്ളം, പാനിപൂരി, ഭേൽപൂരി, ബജികൾ തുടങ്ങിയ വിഭവങ്ങളാണ് നിലവിൽ വിപണനം ചെയ്യുന്നത്.

(നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലാണ് ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാം. ‘ചലന’ത്തിലൂടെ ഈ സി.ഡി.എസുകള്‍ കൈവരിച്ച നേട്ടങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയാണിത്).