ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ നടക്കുന്ന ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേള രണ്ടാം ദിനവും ജനപങ്കാളിത്തം കൊണ്ട് അക്ഷരാർത്ഥത്തിൽ ജനകീയ മേളയായി. മേള ആസ്വദിക്കാൻ പതിനായിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തുന്നത്.
വേദി രണ്ട് അമ്മു സ്വാമിനാഥൻ നടന്ന തൃത്താലയുടെ ചരിത്ര വഴികൾ സെമിനാറിൽ ടി.കെ നാരായണ ദാസ് മോഡറേറ്ററായി. സെമിനാറിൽ ‘തൃത്താലയുടെ ചരിത്രവഴികൾ’, ‘ഭൂപരിഷ്ക്കരണവും സാമൂഹ്യ മാറ്റങ്ങളും’, ‘നിളാ നദീതടത്തിലെ ഇരുമ്പു യുഗവും മഹാശിലാ സംസ്ക്കാരവും’ എന്നീ വിഷയങ്ങളിൽ ഡോ. അജിത് കൊളാടി, ഡോ.കെ. രാജൻ, ഡോ. സി.പി. രമ്യ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
അലോഷി ആഡംസും സംഘവും അവതരിപ്പിച്ച ആലോഷി പാടുന്നു ജനഹൃദയങ്ങൾ കീഴടക്കി. നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും കോർത്തിണങ്ങിയ ആലോഷിയുടെ അവതരണം കാണികളും ഏറ്റെടുത്തു.
ഇതര സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം നുകരാനും ആസ്വദിക്കാനും നിരവധി പേരാണ് ഫുഡ് കോർട്ടിലെത്തുന്നത്. ഇന്ത്യയുടെ രുചി വൈവിധ്യം ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്നതാണ് ഫുഡ് കോർട്ടിൻ്റെ പ്രത്യേകത.
സാംസ്കാരിക വേദിയും ജനസാഗരം കൊണ്ട് സമ്പന്നമായിരുന്നു. പ്രധാന വേദിയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം – ആദര സന്ധ്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ടി.എം.ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുതിർന്ന പൊതുപ്രവർത്തകരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി.രാജേഷ് ആദരിച്ചു.
ചലച്ചിത്ര താരം നവ്യാനായരുടെ സോളോ ഭരതനാട്യം കച്ചേരി സാംസ്കാരിക വേദിയെ കീഴടക്കി. സദസിന് അകത്തും പുറത്തും ആയിരക്കണക്കിന് കലാസ്വാദകരാണ് തിങ്ങി നിറഞ്ഞത്.
