സംസ്ഥാന സർക്കാരിൻ്റെയും കുടുംബശ്രീ കൂട്ടായ്മയുടേയും സഹായത്തോടെ സംരംഭത്തിൽ തിളങ്ങിയ വിജയത്തിൻ്റെ കഥയുമായാണ് ട്രാൻസ് ജെൻ്റേഴ്സിൻ്റെ ഒരുമ പാലക്കാടും എറണാകുളം ലക്ഷ്യയും ഭക്ഷ്യമേളയിൽ എത്തിയിട്ടുള്ളത്. 2017 മുതൽ സരസ് മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഒരുമ പാലക്കാട്. വർഷ നന്ദിനി, വിഷ്ണു നക്ഷത്ര എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്തി എബിസി, സ്പെഷ്യൽ നെല്ലിക്ക, പച്ചമാങ്ങ തുടങ്ങിയ ജ്യൂസുകൾ വിവിധ തരം ലൈമുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 2022ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച സംരംഭകയ്ക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു മികച്ച കർഷക കൂടിയാണ് വർഷ നന്ദിനി.
അച്ചാർ സോഡ, മോര് സോഡ തുടങ്ങിയ സോഡാ വിഭവങ്ങളും നന്നാരി കള്ളനുമാണ് എറണാകുളത്ത് ലക്ഷ്യ ജ്യൂസ് സ്റ്റാളിലെ സ്പെഷ്യൽ, അമൃത ജോസഫ് മാത്യു, മിരിയ മാത്യു, മീനാക്ഷി തുടങ്ങിയവരാണ് ലക്ഷ്യയെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ഉപ്പും മുളകും, ചറുമുറുവും ഇവിടെയുണ്ട്.
