അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരുമയില്‍ തലചായ്ക്കാനിടമേകും ‘ശ്രീഭവന’വുമായി കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരുമയില്‍ ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്ന ‘ശ്രീഭവനം-ഒരുമയിലുയരും കൂട്’ പദ്ധതിക്ക് തുടക്കം. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചീമേനി സി.ഡി.എസിലാണ് ആദ്യ വീട് നിര്‍മ്മിക്കുക. ചീമേനി തുറവിലെ ഭാവന അയല്‍ക്കൂട്ടാംഗമായ കാഴ്ചപരിമിതിയുള്ള ചന്ദ്രകലയാണ് ആദ്യ ഗുണഭോക്താവ്.

ഓരോ സി.ഡി.എസിലെയും അയല്‍ക്കൂട്ടാംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം മാറ്റിവെച്ചാണ് പദ്ധതിക്കായുള്ള ഫണ്ട് സമാഹരിക്കുന്നത്. ഒരു സി.ഡി.എസിലെ ശരാശരി 4,500 അംഗങ്ങളില്‍ നിന്ന് മാത്രം ഇത്തരത്തില്‍ നാലര ലക്ഷത്തോളം രൂപ കണ്ടെത്താനാകും. കൂടാതെ സ്‌പോണ്‍സര്‍മാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാകും വീടുകളുടെ നിര്‍മ്മാണം നടത്തുക. സിവില്‍ എന്‍ജിനീയര്‍മാരുടെ സന്നദ്ധ സേവനം ഉറപ്പാക്കി ആകര്‍ഷകമായ പ്ലാനും ഡിസൈനും സൗജന്യമായി തയാറാക്കുന്നതിലൂടെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സാധിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും വിവിധ സാങ്കേതിക മാനദണ്ഡങ്ങളാല്‍ വീട് ലഭിക്കാതെ പോയവരെയാണ് ശ്രീഭവനം പദ്ധതിക്കായി പരിഗണിക്കുന്നത്. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, തുണയില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഭവനരഹിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. വാര്‍ഡ് കമ്മറ്റികളുടെ പ്രത്യേക സ്‌ക്രീനിങ്ങിനും സി.ഡി.എസ് പരിശോധനകള്‍ക്കും ശേഷമാണ് ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്.

ചീമേനിയില്‍ മേയ് 24ന് സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. ശോഭന അധ്യക്ഷയായ ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. ജനാര്‍ദ്ദനന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ദിവാകരന്‍, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, ബ്ലോക്ക് മെമ്പര്‍ പി.വി. ഷീബ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ.വി. അനീഷ് സ്വാഗതം പറഞ്ഞു.