‘റിഥ’ത്തിലൂടെ കുടുംബശ്രീയെ ആഴത്തിലറിയാന്‍ അവര്‍

പുതുതായി ചുമതലയേറ്റ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തന മികവും കാര്യശേഷിയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ത്രിദിന പരിശീലന പരിപാടി ‘റിഥം 2026’ന് തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി വിവിധ ബാച്ചുകളിലായി 1070 ചെയര്‍പേഴ്‌സണ്‍മാര്‍ക്കും പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

സംസ്ഥാനതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ജില്ലാതലത്തില്‍ ഈ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 15നകം എല്ലാ ജില്ലകളിലെയും പരിശീലന പരിപാടി പൂര്‍ത്തിയാക്കും. തൃശ്ശൂര്‍ ജില്ലയിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ഇന്നലെ ആരംഭിച്ച ആദ്യ ബാച്ച് പരിശീലനത്തില്‍ ജില്ലയിലെ 50 ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കുന്നു. രണ്ടാം ബാച്ചില്‍ 52 പേരും പങ്കെടുക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും റിഥം 2026 ആരംഭിക്കും.

പോസിറ്റീവ് മനോഭാവം, ആശയ വിനിമയ പാടവം, ഫിനാന്‍സ് മാനേജ്‌മെന്റ്, ഭരണ നിര്‍വ്വഹണം, കുടുംബശ്രീ ബൈലോ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് പരിശീലനം.അതത് ജില്ലകളിലെ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക തീമാറ്റിക് അവതരണങ്ങളും ആസൂത്രണ ചര്‍ച്ചകളും സംഘടിപ്പിക്കും.