അയല്‍ക്കൂട്ട മാതൃകയിലുള്ള കുട്ടികളുടെ സാമൂഹികാധിഷ്ഠിത സംഘടനാ സംവിധാനമായ കുടുംബശ്രീ ബാലസഭകള്‍ക്ക് ഈ അവധിക്കാലത്ത് ‘കളിക്കൂട്ട’ത്തിലൂടെ പുതുജീവന്‍. കുട്ടികളുടെ സര്വ്വതോന്മുഖമായ വികാസത്തിന് രൂപീകരിച്ച കൂട്ടായ്മയായ ബാലസഭകള് വ്യക്തിത്വ വളര്‍ച്ച, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തുന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ ഗ്രാമ, നഗര വാര്‍ഡുകളില്‍ ബാലസഭാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും പുതിയ ബാലസഭ രൂപീകരിക്കുന്നതിനും നിര്‍ജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഈ മധ്യവേനല്‍ അവധിക്കാലത്താണ് കളിക്കൂട്ടം ക്യാമ്പയിന് തുടക്കമിട്ടത്.
ഇത്തരത്തില്‍ രൂപീകരിച്ച ബാലസഭകളുള്‍പ്പെടെയുള്ള കുട്ടികളുടെ ഈ കൂട്ടായ്മകളെയെല്ലാം നാടിന്റെ പൊതുനന്മയ്ക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നീ പ്രതിസന്ധികള്‍ക്കുള്ള ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമായ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. നാളെയുടെ പൗരന്മാരായ കുട്ടികള്‍ക്ക് പരിസ്ഥിതിയെ കുറിച്ച് അറിവ് നല്‍കുകയും അവരുടെ ജീവിതശൈലിയില്‍ മാറ്റംവരുത്തി ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കേരളം കെട്ടിപ്പടുക്കുന്നതിന് ബാലസഭകളെ പ്രാപ്തമാക്കുകയെന്നതും ഈ ക്യാമ്പയിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
