ഈ വരുന്ന ഓണക്കാലം ആഘോഷമാക്കാന്‍ കുടുംബശ്രീയുടെ ‘ഓണക്കനി’ പച്ചക്കറി കൃഷിക്കും ‘നിറപ്പൊലിമ’ പൂക്കൃഷിക്കും തുടക്കം. ഓണത്തോട് അനുബന്ധിച്ച് വിഷരഹിത പച്ചക്കറിയും പഴ വര്‍ഗ്ഗങ്ങളും അതുപോലെ തന്നെ പൂക്കളും വിപണിയില്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍ അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി) മുഖേന സംസ്ഥാനമൊട്ടാകെ ആകെ 14,000 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. 12,000 ഏക്കറില്‍ പച്ചക്കറിയും 2,000 ഏക്കറില്‍ ചെണ്ടുമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കൃഷിയും.
അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനം തൈകളുടെ ഉത്പാദനത്തിലും നടീല്‍ വസ്തുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളെ ഈ പദ്ധതികളോട് അനുബന്ധിച്ച് ശാക്തീകരിക്കും. കൂടാതെ റിവോള്‍വിങ് ഫണ്ട് അടക്കമുള്ള സഹായങ്ങളും നഴ്‌സറികള്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് ആവശ്യമായ പച്ചക്കറി, ചെണ്ടുമല്ലി തൈകള്‍ തയ്യാറാക്കുന്നതിനായി ഓരോ കുടുംബശ്രീ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോള്‍വിംഗ് ഫണ്ടായി അനുവദിക്കും.
കുടുംബശ്രീ അഗ്രികള്‍ച്ചര്‍ വിഭാഗം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ജെ.എല്‍.ജി കര്‍ഷകര്‍ക്കും പ്രത്യേക പരിശീലനവും ലഭ്യമാക്കും. കര്‍ഷകര്‍ക്കായി ‘ഫാര്‍മര്‍ ഫീല്‍ഡ് സ്‌കൂളുകള്‍’ സംഘടിപ്പിച്ച് നഴ്‌സറി തയാറാക്കല്‍, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് സാങ്കേതിക പരിശീലനം നല്‍കുന്നത്.
