എ.ഐ. ടെക്നോളജിയുടെ ഗുണഫലങ്ങള്‍ സംരംഭകര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി പൈലറ്റ് അടിസ്ഥാനത്തില്‍ എ.ഐ. സാക്ഷരതാ പരിശീലന പരിപാടിയുമായി കുടുംബശ്രീ. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത കുടുംബശ്രീ സംരംഭകര്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരുള്‍പ്പെടെ 300 പേര്‍ക്കാണ് ‘എ.ഐ. ചേച്ചി’ എന്ന ഈ ഏകദിന പരിശീലനം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത്.
ജൂണ്‍ 6,8,9 തീയതികളില്‍ ജില്ലാപഞ്ചായത്ത് വിര്‍ച്വല്‍ ഹാളില്‍ തിരുവനന്തപുരം ജില്ലയിലെ പരിശീലനവും ജൂണ്‍ 11,12,13 തീയതികളിലായി കിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ പരിശീലനവും സംഘടിപ്പിച്ചു.
എ.ഐ. ബേസിക്സ്, ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് റൈറ്റിങ്, പ്രാക്ടിക്കല്‍ എ.ഐ. ടൂള്‍സ് (ചാറ്റ് ജി.പി.ടി), എ.ഐ. ഫോര്‍ ബിസിനസ് & എന്റര്‍പ്രണര്‍ഷിപ്പ്, ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായുമുള്ള എ.ഐ. ഉപയോഗം എന്നീ വിഷയങ്ങളിലാണ് ഹേമന്ത് കൃഷ്ണ. ആര്, നാന്‍സി ബിജു (അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാര്‍, മൈക്രോ സേവ് കണ്‍സള്‍ട്ടിങ്) എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കിയത്. കൂടാതെ പ്രായോഗിക പരിശീലനവും നല്കി.
തൃശ്ശൂരിലെ പരിശീലനത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ നവീന്‍ സി.എന്‍, ഓജസ് ഇ.ജെ എന്നിവര്‍ സംസാരിച്ചു.
