അയല്ക്കൂട്ടാംഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ സംരംഭ മേഖലയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പുനര്‍ജ്വാല ക്യാമ്പയിന് ജില്ലാതലത്തില്‍ പുരോഗമിക്കുന്നു. പ്രാദേശിക സാമ്പത്തിക വികസനത്തില്‍ മികച്ച പങ്കുവഹിക്കുന്ന ഈ സൂക്ഷ്മ സംരംഭങ്ങളെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുകയും വിപുലീകരിക്കുകയും സുസ്ഥിരത നേടിക്കൊടുക്കുകയും ചെയ്യുകയാണ് പുനര്‍ജ്വാല ക്യാമ്പയിന്.
നിലവില്‍ കാര്‍ഷികേതര മേഖലയില്‍ മാത്രം രണ്ട് ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങളിലൂടെ നാല് ലക്ഷത്തിലധികം അയല്ക്കൂട്ടാംഗങ്ങളാണ് വരുമാനം നേടിവരുന്നത്. ഇതില്‍ 58,212 സംരംഭങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി രൂപീകരിച്ചതാണ്. ഓരോ സി.ഡി.എസിലും ഒന്ന് വീതം മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ മാനുഷിക വിഭവശേഷിയും സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയേകുന്നു. കൂടാതെ വിവിധ വായ്പകളും ഉള്‍പ്പെടെയുള്ള ധനസഹായവും നല്കി വരുന്നുണ്ട്. ഈ സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ഫലപ്രദമാക്കുകയും ക്യാമ്പയിന്റെ ലക്ഷ്യമാണ്.
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ മുഖേന സൂക്ഷ്മ സംരംഭ സര്‍വ്വേയും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളുമാണ് ക്യാമ്പയിന്റെ ആദ്യപടി. കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, വിപണനരീതി, സാമ്പത്തിക സുസ്ഥിരത, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാ സാധ്യത, പ്രധാന വെല്ലുവിളികള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തുകയും അവയെ തരംതിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സര്‍വ്വേയിലൂടെ നടത്തുക. സംരംഭ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുമായാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുക. പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വിപണി പ്രവണതകള്‍, ഉപജീവന സാധ്യതകള്‍ എന്നിവ ഈ പ്രവര്‍ത്തനങ്ങളിലൂടെ വിശകലനം ചെയ്ത് സംരംഭ വികസനത്തിനും ശേഷീവികസനത്തിനും ആവശ്യമായ ഇടപെടലുകള്‍, പിന്തുണാ സംവിധാനങ്ങള്‍, സംയോജന സാധ്യതകള്‍ എന്നിവ കണ്ടെത്തുന്നു.
സര്‍വ്വേയും ചര്‍ച്ചയും വഴി ലഭിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ ഓരോ ബ്ലോക്കിനും വിശദമായ സൂക്ഷ്മ സംരംഭ വികസന പ്രവര്‍ത്തന പദ്ധതി തയാറാക്കും. പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബിസിനസ് കൗണ്‍സിലിങ്, ഹാന്‍ഡ്ഹോള്‍ഡ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാന്‍ഡിങ്, പാക്കേജിങ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍, സേവന വ്യാപനം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബ്രാന്‍ഡ് വികസനം, പുതിയ വിപണന സാധ്യതകള്‍ എന്നീ മേഖലകളിലും പിന്തുണ നല്‍കും. കൂടാതെ ന്യൂട്രിമിക്സ്, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിന് യൂണിറ്റുകള്‍, സാന്ത്വനം യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഐ.ടി. യൂണിറ്റുകള്‍, അപ്പാരല്‍ ക്ലസ്റ്ററുകള്‍, ഇ-സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയ കുടുംബശ്രീയുടെ മുന്‍നിര സംരംഭങ്ങളുടെ പ്രവര്‍ത്തന ഗുണമേന്മയും സുസ്ഥിരതയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുന്നതിന് പ്രൊഫഷണല്‍ ഏജന്‍സികള്‍ വഴി സാങ്കേതിക പിന്തുണ നല്കുകയുള്പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും പുനര്‍ജ്വാല ക്യാമ്പയിനിലൂടെ കുടുംബശ്രീ നടത്തും.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ആസൂത്രണ ശില്‍പ്പശാലകളും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ (എം.ഇ.സി), സി.ഡി.എസ് ചെയര്പേഴ്സണ്മാര് സൂക്ഷ്മ സംരംഭ ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങളും ജില്ലാതലത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ജൂലൈ 20നകം എം.ഇ.സി.മാര്‍ സംരംഭങ്ങള്‍ സന്ദര്‍ശിച്ച് വിവര ശേഖരണ പ്രവര്‍ത്തനങ്ങളും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും പൂര്‍ത്തിയാക്കും.
