കുടുംബശ്രീ ‘ജീവനം 2.0’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ ക്യാമ്പയിന്‍ ‘ജീവനം 2.0’ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ഈ മേഖലയിലെ കുടുംബശ്രീ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കന്നുകാലി വികസനം, മൃഗാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്യാമ്പയിന്‍. കൊല്ലം, പാലക്കാട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു.

മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് ക്യാമ്പയിന്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നത്. സി.ഡി.എസ്, ബ്ലോക്ക് തലങ്ങളില്‍ മൃഗാരോഗ്യ സംരക്ഷണ ക്യാമ്പുകള്‍, പ്രതിരോധ വാക്സിനേഷന്‍ ഡ്രൈവുകള്‍, ഇന്‍ഫെര്‍ട്ടിലിറ്റി കെയര്‍ & മാസ്റ്റിറ്റിസ് ക്യാമ്പയിനുകള്‍, ഡീവോര്‍മിംഗ് & സാമ്പിള്‍ പരിശോധനകള്‍, പ്രാദേശിക ആവശ്യകത അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ എന്നിവയും കര്‍ഷകരുടെ ആവശ്യാനുസരണം മറ്റ് പ്രസക്തമായ ക്ഷേമ ക്യാമ്പുകളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു.

കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷയും കൃത്യമായ വായ്പാ സഹായങ്ങളും ലഭ്യമാക്കുന്നതിനും അതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനും വിവിധ ബാങ്കുകളും ഈ ക്യാമ്പയിന്റെ ഭാഗമാകുന്നു. പഞ്ചായത്ത് തലത്തില്‍ അതത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ കൃത്യമായി ഏകോപിപ്പിക്കുന്നത്.