അട്ടപ്പാടിയിലെ തദ്ദേശീയ യുവജനതയ്ക്ക് പി.എസ്.സി പരീക്ഷ ഈസിയാക്കാന്‍ ‘എത്ത് കനവ്’

സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം കൈയെത്തിപ്പിടിക്കാന്‍ അട്ടപ്പാടിയിലെ യുവജനതയ്ക്ക് തുണയാകാന്‍ ‘എത്ത് കനവ്’ (എന്റെ സ്വപ്നം) പി.എസ്.സി പരിശീലന പരിപാടിയുമായി കുടുംബശ്രീ. അട്ടപ്പാടിയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുമായി സംയോജിച്ചാണ് ഈ പരിശീലന പരിപാടി നടപ്പിലാക്കുകുന്നത്.

അട്ടപ്പാടിയില്‍ കിലയുടെ കെട്ടിടത്തിലാണ് പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പി.എസ്.സി പരിശീലനം നല്‍കുന്ന ഒരു സ്ഥിരം സെന്ററാണ് ഈ പദ്ധതിയിലൂടെ കുടുംബശ്രീ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ആഴ്ച്ചയും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നിങ്ങനെ നാല് ദിനങ്ങളിലായി 40 പേര്‍ അടങ്ങുന്ന രണ്ട് ബാച്ചുകള്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് വരുന്ന ഘട്ടങ്ങളില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കും.

‘എത്ത് കനവി’ന്റെ ഉദ്ഘാടനം പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ.ഷിബു നിര്‍വഹിച്ചു. അട്ടപ്പാടി കില കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. ജനമൈത്രി എക്‌സൈസ് അട്ടപ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍. എം പദ്ധതി അവതരണം നടത്തി. വിമുക്തി മിഷന്‍ പാലക്കാട് മാനേജര്‍ സനല്‍. എസ് ലഹരി വിമുക്ത സന്ദേശം നല്‍കി. പഞ്ചായത്ത് സമിതി ഭാരവാഹികള്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബശ്രീ അട്ടപ്പാടി പ്രത്യേക പദ്ധതി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ സ്വാഗതവും യൂത്ത് കോര്‍ഡിനേറ്റര്‍ രാജേഷ് നന്ദിയും പറഞ്ഞു.