ആവേശം വാനോളമുയര്‍ത്തി കണ്ണൂരില്‍ പ്രാദേശിക വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് – ചാമ്പ്യന്മാരായി ദാലില്‍ എ.ഡി.എസ്

മാര്‍ച്ച് എട്ടിലെ വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെയും ചെറുകുന്ന് സി.ഡി.എസിന്റെയും ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ദാലില്‍ എ.ഡി.എസ് വിജയികളായി. ഫൈനലില്‍ മുട്ടില്‍ എ.ഡി.എസ് ടീമിനെ 30 റണ്‍സിനാണ് പുന്നച്ചേരി എ.ഡി.എസ് പരാജയപ്പെടുത്തിയത്.

ചെറുകുന്ന് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദാലില്‍ 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് സ്വന്തമാക്കി. മുട്ടില്‍ എ.ഡി.എസിന് മറുപടിയായി 31 റണ്‍സ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് പ്രകടനത്തോടെ മുട്ടില്‍ എ.ഡി.എസിനെ ഫൈനലിലേക്ക് നയിച്ച സി.കെ. ശ്രുതി ടൂര്‍ണമെന്റിലെ താരമായി.

ആറ് ഓവര്‍ വീതമായിരുന്നു മത്സരം. ആറ് പേരുള്‍പ്പെടുന്നതാണ് ഒരു ടീം. അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന എട്ട് എ.ഡി.എസ് ടീമുകള്‍ മത്സരത്തിനിറങ്ങി. കായിക ഇനങ്ങളില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയും അവരുടെ മാനസിക ഉല്ലാസം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

മത്സരങ്ങളുടെ ഉദ്ഘാടനം അഞ്ചാം തീയതി ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സജീവന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍, ചെറുകുന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.വി. നിര്‍മല എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനവിതരണം ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ നിര്‍വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ച്ചയായ രണ്ടാം തവണ സംഘടിപ്പിച്ച ഈ പ്രാദേശിക വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയമായതിനെത്തുടര്‍ന്ന് രണ്ടാം ഘട്ടം എന്ന നിലയില്‍ ജില്ലാതല വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്താനാണ് കണ്ണൂര്‍ ജില്ലാ മിഷൻ ലക്ഷ്യമിട്ടിരിക്കുന്നത്.