ഈ ദേശീയ നേട്ടം കുടുംബശ്രീക്കും സംതിങ് ‘സ്‌പെഷ്യല്‍’

ചരിത്രമുറങ്ങുന്ന കോല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് സീനിയര്‍ ആണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ കുടുംബശ്രീക്കും ഈ നേട്ടം ഏറെ സ്‌പെഷ്യല്‍. ഈ മാസം 17 മുതല്‍ 21 വരെ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഗോവയ്‌ക്കെതിരേ അഞ്ച് ഗോളിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ഇറങ്ങിയ നാല് മത്സരങ്ങളില്‍ നാലിലും ജയിച്ച കേരളത്തിനായി നാല് ഗോളുകള്‍ നേടിയ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസില്‍ കുടുംബശ്രീ ഊര്‍ങ്ങാട്ടിരി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ പരിശീലനാര്‍ത്ഥിയാണ്.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന സ്ഥാപനങ്ങളാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും ബഡ്‌സ് സ്‌കൂളുകളും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെയും ബഡ്സ് സ്‌കൂള്‍ അധ്യാപകന്‍ മനീഷ് മാസ്റ്ററുടെയും നേതൃത്വത്തിലാണ് ഫാസിലിനെ സംസ്ഥാന, ദേശീയ ക്യാമ്പുകളില്‍ പങ്കെടുപ്പിച്ചതും പരിശീലനം നല്‍കിയതും. കിരീടം നേടി നാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് ഫാസിലിന് ബഡ്‌സ് സ്‌കൂള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു.