ഓണത്തിന് നിറപ്പകിട്ടേകാൻ കുടുംബശ്രീയുടെ പൂക്കൾ; സദ്യയൊരുക്കാൻ പച്ചക്കറികളും

ഇക്കുറിയും പൂക്കളമൊരുക്കി ഓണാഘോഷത്തിന് നിറം പകരാൻ നാടെങ്ങും കുടുംബശ്രീയുടെ പൂക്കളെത്തി. ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്. 208.72 ഏക്കറിൽ കൃഷി ചെയ്തു കൊണ്ട് കോട്ടയം ജില്ലയാണ് പൂക്കൃഷിയിൽ മുന്നിൽ. കണ്ണൂർ(202.5), മലപ്പുറം(189.85) ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

പൂക്കൾ കൂടാതെ ഓണസദ്യയൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും പഴങ്ങളും കുടുംബശ്രീ കർഷകർ ഓണവിപണിയിൽ എത്തിക്കുന്നുണ്ട്. കുടുംബശ്രീ ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനമെമ്പാടുമുള്ള 13,879 കർഷക സംഘങ്ങൾ മുഖേന 8913.13 ഏക്കറിൽ  ഉൽപാദിപ്പിച്ച വിവിധ കാർഷികോൽപന്നങ്ങളാണ് ഓണവിപണിയിൽ എത്തുന്നത്. ചിപ്സ് തയ്യാറാക്കുന്നതിനുളള നേന്ത്രക്കായ ഉൾപ്പെടെ കുടുംബശ്രീയുടെ ഓണവിപണികളിൽ ലഭ്യമാകും. കൂടാതെ വിവിധ തരം അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലപ്പൊടികൾ, വെളിച്ചെണ്ണ തുടങ്ങി ഒട്ടനവധി ഉൽപന്നങ്ങളും ലഭിക്കും.

മുൻ വർഷത്തെ അപേക്ഷിച്ച് പൂവ് കൃഷി ചെയ്യുന്ന കർഷക സംഘങ്ങളുടെ എണ്ണത്തിലും കൃഷി ചെയ്യുന്ന വിസ്തൃതിയിലും ഇക്കുറി വലിയ തോതിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 3000 വനിതാ കർഷക സംഘങ്ങൾ ഉണ്ടായിരുന്നത് ഈ വർഷം 4531 ആയി വർധിച്ചു. 1531 കർഷക സംഘങ്ങൾ ഈ വർഷം പുതുതായി എത്തി. കഴിഞ്ഞ വർഷം 1253 ഏക്കറിൽ ചെയ്ത പൂക്കൃഷി ഇത്തവണ  1820.52 ഏക്കറിലായി വർധിപ്പിച്ചു. ഇതുവഴി പുതുതായി 567.52 ഏക്കറിൽ കൂടി പൂക്കൃഷി വ്യാപിപ്പിക്കാനായി.

ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ടു നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികൾ വഴി കർഷക സംഘങ്ങൾക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. വലിയ മുതൽമുടക്കില്ലാതെ ചുരുങ്ങിയ കാലയളവിൽ മികച്ച വരുമാനം നേടാൻ കഴിയുന്നതാണ് കർഷകരെ ഇരുപദ്ധതികളിലേക്കും ആകർഷിക്കുന്നത്.  സെപ്റ്റംബർ നാലു വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന രണ്ടായിരത്തിലേറെ സി.ഡി.എസ്തല വിപണന മേളകളിലും സംസ്ഥാന ജില്ലാതല വിപണന മേളകളിലും കർഷകരുടെ ഉൽപന്നങ്ങൾ എത്തിക്കഴിഞ്ഞു. പ്രാദേശികമായും ഉൽപന്ന വിപണനം ഊർജിതമാണ്. ഗുണമേൻമയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഓണത്തിന് പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.