കുടുംബശ്രീ സംസ്ഥാന തല ഓണം വിപണന മേളയ്ക്ക്‌  തൃശ്ശൂരില്‍ തുടക്കം

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള തൃശ്ശൂര്‍ ടൗൺ ഹാളിൽ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ , എക്സൈസ്, പാർലമെന്ററി വകുപ്പ് മന്ത്രി എം. ബി രാജേഷ് ഓണം വിപണന മേള ഉദ്ഘാടനം നിർവഹിച്ച് ആദ്യ വിൽപ്പന നടത്തി.
എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി.

കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ തലവര മാറ്റിവരയ്ക്കാൻ കഴിയുമെന്ന് കൂട്ടായ്മയിലൂടെ തെളിയിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് മന്ത്രി ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. ഇന്ന് കുടുംബശ്രീ പുതിയ മേഖലകൾ  കയ്യടക്കി മുന്നേറുകയാണ്. ഓണത്തിനാവശ്യമായതെല്ലാം കുടുംബശ്രീയിൽ ലഭ്യമാണ്. ഗിഫ്റ്റ് ഹാംബറും ഓണക്കിറ്റുകളും വിറ്റഴിഞ്ഞത് വളരെ പെട്ടെന്നാണ്  എന്നത് സമൂഹം ഇത് ഏറ്റെടുത്തു എന്നതിന് തെളിവാണ്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഏറ്റവും അധികം സംഭാവന നൽകിയ പ്രസ്ഥാനമാണ് കുടുംബശ്രീ എന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം ജനങ്ങൾക്കിടയിലുള്ള  കുടുംബശ്രീയോടുള്ള വിശ്വാസതയെയാണ് കാണിക്കുന്നത്.  തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള കൈപ്പുണ്യമാണ് കുടുംബശ്രീയ്ക്കുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കേരളത്തിനകത്തും പുറത്തുനിന്നും കുടുംബശ്രീ മാതൃക പഠിക്കാൻ നിരവധി പേർ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി വെല്ലുവിളിക്കിടയിലും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന മുദ്രാവാക്യം  സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. ജനങ്ങളുടെ വിധി കൂട്ടായ്മയിലൂടെ  തീരുമാനിക്കാനാകുമെന്ന് പഠിപ്പിച്ചത് കുടുംബശ്രീയാണെന്നും മന്ത്രി കൂട്ടിചേർത്തു.

ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാല് വരെ നടക്കുന്ന വിപണന മേളയിലൂടെ കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തതയാർന്ന ഉത്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശുദ്ധമായ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക്  നേരിട്ട് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണം വിപണന മേള നടത്തുന്നത്. സംസ്ഥാന , ജില്ല , സി ഡി എസ് തല വിപണന മേളകൾ സംഘടിപ്പിക്കും .

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ യു. സലീൽ നന്ദിയും പറഞ്ഞു. എം എൽ എ മാരായ സേവ്യർ ചിറ്റിലപ്പിള്ളി, ഇ. ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ലതാചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, ഗുരുവായൂർ നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ എം. കൃഷ്ണദാസ്,  ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ്. ബസന്ത്ലാൽ, നബാർഡ് ഡി ജി എം സെബിൻ ആന്റണി, തൃശൂർ കോര്പറേഷൻ- 1 സി ഡി എസ് ചെയർപേഴ്സൺ സത്യഭാമ വിജയൻ, തൃശൂർ കോര്പറേഷൻ- 2 സി.ഡി.എസ് ചെയർപേഴ്സൺ റെജുല കൃഷ്ണകുമാർ,  ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ പങ്കെടുത്തു.