കമ്മ്യൂണിക്കോര്‍ – പ്രാഥമിക പഠന ശില്‍പ്പശാല സംഘടിപ്പിച്ചു

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ഭാഷാ നൈപുണ്യ വികസന പദ്ധതിയായ ‘കമ്മ്യൂണിക്കോറി’ന്റെ പ്രാഥമിക പഠന ശില്‍പ്പശാല മലപ്പുറം നിലമ്പൂരില്‍ ഫെബ്രുവരി 8,9 തീയതികളില്‍ സംഘടിപ്പിച്ചു. ആഗോള ഭാഷയായ ഇംഗ്ലീഷിലെ നൈപുണ്യം വര്‍ദ്ധിപ്പിച്ച് പുതിയ തൊഴില്‍ മേഖലകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് എത്തിക്കുകയാണ് കമ്മ്യൂണിക്കോര്‍ പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതി നടപ്പിലാക്കുന്ന മേഖലകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ ഭാഷാ നൈപുണ്യ ശേഷി പരമാവധി പരിപോഷിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പഠന ശില്‍പ്പശാലയുടെ ഉദ്ഘാടനം മലപ്പുറം ഡയറ്റ് (ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്) പ്രിന്‍സിപ്പല്‍ ഡോ. ബാബു വര്‍ഗീസ് നിര്‍വ്വഹിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. കേരള ഇംഗ്ലീഷ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജയദേവന്‍, അക്കാഡമിക് ഫാക്കല്‍റ്റികളായ രൂപേഷ്, സാം എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ സ്വാഗതവും നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ. കെ. മുഹമ്മദ് സാനു നന്ദിയും പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ തദ്ദേശീയ മേഖലയിലെ 15നും 18നും ഇടക്ക് പ്രായമുള്ള കുട്ടികളും 18നും 25നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളും ആനിമേറ്റര്‍മാരും ബ്രിഡ്ജ് കോഴ്‌സ് അധ്യാപകരും ഉള്‍പ്പെടെ 80 പേര്‍ പങ്കെടുത്തു. ശില്‍പ്പശാലയെത്തുടര്‍ന്ന് മൊഡ്യൂള്‍ തയാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും