കെ-ടാപ് ജില്ലാതല ടെക്നോളജി ഡെസിമിനേഷന്‍ ക്ലിനിക്കുകള്‍ പുരോഗമിക്കുന്നു

കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാമിന്റെ (കെ-ടാപ്) ഭാഗമായുള്ള ജില്ലാതല ടെക്നോളജി ഡെസിമിനേഷന്‍ ക്ലിനിക്ക് (ടി.ഡി.സി) വിവിധ ജില്ലകളില്‍ പുരോഗമിക്കുന്നു. കുടുംബശ്രീ മുഖേന കാര്‍ഷിക മേഖലയില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മാറ്റങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് 180 നൂതന സാങ്കേതിക വിദ്യകള്‍ കെ-ടാപ്പിന്റെ ഭാഗമായി കുടുംബശ്രീ സ്വന്തമാക്കിയിരുന്നു.

ഈ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, സംരംഭകര്‍, അഗ്രി കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്നതിനായാണ് ജില്ലാതലത്തില്‍ ഡെസിമിനേഷന്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ ഡെസിമിനേഷന്‍ ക്ലിനിക്ക് സംഘടിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടാമതും. തുടര്‍ന്ന് കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ക്ലിനിക്കുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ശേഷിച്ച ജില്ലകളില്‍ ടെക്‌നോളജി ഡെസിമിനേഷന്‍ ക്ലിനിക്കുകള്‍ അടുത്തമാസം ആദ്യ ആഴ്ചയോടുകൂടി പൂര്‍ത്തിയാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

കുടുംബശ്രീ കാര്‍ഷിക ഉപജീവന പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും അതുവഴി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനവര്‍ദ്ധനവ് നേടിക്കൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് കെ-ടാപ്പിന്റെ ഭാഗമായി നടത്തുക.

ഐ.സി.എ.ആര്‍ – കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യകളാണ് കെ-ടാപിന്റെ ഭാഗമായി കുടുംബശ്രീ സ്വന്തമാക്കിയിരിക്കുന്നത്. ഫംങ്ഷണല്‍ ഫുഡ്സ്, ഹെല്‍ത്ത് ആന്‍ഡ് സ്പെഷ്യാലിറ്റി ഫുഡ്സ്, ഡയബറ്റിക് ഫ്രണ്ട്ലി പ്രോഡക്ട്സ്, ഫംങ്ഷണല്‍ കണ്‍ഫെക്ഷനറി എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായുള്ള ഉത്പന്നങ്ങളാണ് ഈ ടെക്നോളജികളുടെ സഹായത്തോടെ തയാറാക്കുക.