കുട്ടികള്‍ക്കിടയില്‍ പടരുന്ന ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കുക, അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കൂടാതെ കായികവിനോദങ്ങളുടെ ലഹരിയിലേക്ക് അവരെ നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍. ജില്ലാ ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ഒരു വര്‍ഷം നീളുന്ന ഈ ക്യാമ്പയിന്‍ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്നത്.
കുട്ടികളെ വിവിധ കായിക വിനോദങ്ങളിലേക്ക് തിരിച്ചുവിട്ട് മറ്റ് ലഹരികളില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷക്കാലം നീളുന്ന സുസ്ഥിര ലഹരി വരുദ്ധ പരിപാടിയാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍, സ്‌കൂള്‍ പി.ടി.എകള്‍, റെസിഡന്റ്‌സ് അസ്സോസിയേഷനുകള്‍ എന്നിവകളിലൂടെ ബോധവല്‍ക്കരണം നടത്തുകയും കുടുംബശ്രീ എ.ഡി.എസുകളുമായി ചേര്‍ന്ന് ജില്ലയിലെ 920 വാര്‍ഡുകളിലും കളിക്കളങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. കുട്ടികളുടെ ടീമുകള്‍ രൂപീകരിച്ച് വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കും.
കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടന്‍ഡറി സ്‌കൂളില്‍ ജൂണ്‍ 12ന് സംഘടിപ്പിച്ച ചടങ്ങില്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് എബ്രഹാം നിര്‍വഹിച്ചു. ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഐ.എ.എസ് നിര്‍വ്വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍ അധ്യക്ഷനായി. ലോഗോ ഡിസൈന്‍ ചെയ്ത കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കണ്ടന്റി സ്‌കൂളിലെ ദിവിജ ജയകുമാറിന് ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അജയകുമാര്‍ ആര്‍ ക്യാഷ് അവാര്‍ഡും മൊമന്റോയും വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ഷാജഹാന്‍ ടി.കെ സ്വാഗതവും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംബശ്രീ ജീവനക്കാര്‍, സ്‌കൂള്‍ ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
