തെരഞ്ഞെടുപ്പ് മത്സര രംഗത്ത് കൈ നോക്കാൻ ഇക്കുറി കുടുംബശ്രീ ഹരിതകർമസേനാംഗങ്ങളും. ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ ആകെ 547 ഹരിതകർമസേനാംഗങ്ങൾ ജനവിധി തേടും. ഏറ്റവും കൂടുതൽ ഹരിതകർമസേനാംഗങ്ങൾ മത്സരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 82 പേരാണ് ഇവിടെ മത്സരിക്കുന്നത്. 63 സ്ഥാനാർത്ഥികളുമായി ആലപ്പുഴ ജില്ലയാണ് തൊട്ടുപിന്നിൽ. കൊല്ലം(62), പത്തനംതിട്ട(14), കോട്ടയം(38), ഇടുക്കി(49), എറണാകുളം(43), തൃശൂർ(28), പാലക്കാട്(46), മലപ്പുറം(28), കോഴിക്കോട്(38), വയനാട്(18),കണ്ണൂർ(25), കാസർകോട്(12) എന്നിങ്ങനെയാണ് മത്സരിക്കുന്നവരുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ചൂടുമായി എല്ലാ ജില്ലകളിലും ഹരിതകർമസേനാംഗങ്ങൾ മത്സര രംഗത്ത് സജീവമായിട്ടുണ്ട്.
വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി വീടുകളിൽ എത്തുന്നതു വഴി ഹരിതകർമസേനാംഗങ്ങൾക്ക് അതത് പ്രദേശത്തെ ഒാരോ കുടുംബവുമായും സ്ഥാപനങ്ങളുമായുള്ള അടുപ്പവും സൗഹൃദവും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ. ഇതാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയത്തിൽ ഹരിതകർമസേനാംഗങ്ങളെ പരിഗണിക്കുന്നതിനുള്ള മുഖ്യഘടകമായി മാറിയത്. നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തങ്ങൾക്ക് അനുകൂലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഒാരോ അംഗവും. മാലിന്യം നീക്കം ചെയ്യുന്ന കൈകളിലേക്ക് പ്രാദേശിക സർക്കാരുകളുടെ അധികാരമെത്തിക്കുന്നതിനാണ് ഇവരുടെ പരിശ്രമങ്ങൾ.
ഇതിന് മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഒട്ടേറെ കുടുംബശ്രീ വനിതകൾ മത്സരിക്കുകയും അധികാരത്തിലേറുകയും ചെയ്തിരുന്നു.
