സാഹിത്യരംഗത്ത് സ്ത്രീകളുടെ മുന്നേറ്റം അനിവാര്യം : പ്രൊഫ. കെ. സച്ചിദാനന്ദൻ

സാഹിത്യരംഗത്ത് സ്ത്രീകളുടെ മുന്നേറ്റം അനിവാര്യമാണെന്നും കുടുംബത്തിലും സമൂഹത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യം ഉൾപ്പെടെയുള്ള ബഹുമുഖ ആധിപത്യങ്ങളെ ചോദ്യം ചെയ്യാൻ കഴിഞ്ഞെങ്കിൽ മാത്രമേ സ്ത്രീകൾക്ക് തങ്ങളുടെ സ്വത്വം തിരിച്ചറിയാൻ കഴിയൂ എന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കില, കേരള സാഹിത്യ അക്കാദമി എന്നിവയുമായി സഹകരിച്ചു കൊണ്ട് തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകൾക്കായി കിലയിൽ സംഘടിപ്പിച്ച സർഗ്ഗം-2025 ത്രിദിന സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു സാഹിത്യ രൂപത്തിനും അനുഭവം, ഭാവന, ഭാഷ എന്നിവയുടെ കൂടിച്ചേരലുണ്ട്. കരയുന്നവരുടെയും ഒറ്റപ്പെടുന്നവരുടെയും കൂടെയാണ് സാഹിത്യം.  വ്യക്തിഗതമോ സാമൂഹികമോ ആയ അനുഭവങ്ങളാണ് അതിന്റെ അടിസ്ഥാനം. 

ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ വേദനകളുടെയും പ്രതീക്ഷകളുടെയും ആത്മാവിഷ്ക്കാരം വെളിപ്പെടുത്തുക എന്നതാണ് സാഹിത്യത്തിന്റെ ലക്ഷ്യം. മറ്റുള്ളവരുടെ അനുഭവങ്ങൾ തന്റേത് കൂടിയാവുമ്പോഴാണ് കരുണയും മൈത്രിയും സാഹോദര്യവുമുള്ളവരായി നാം മാറുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ട് മികച്ച രചനകൾ സൃഷ്ടിക്കാനും വേദനിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

  കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ. അഞ്ചൽ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു. കില അസിസ്റ്റന്റ് ഡയറക്ടർ കെ.പി.എൻ അമൃത അധ്യക്ഷത വഹിച്ചു. കേരള സാഹിത്യഅക്കാദമി സെക്രട്ടറി സി.പി അബൂബക്കർ, ഡോ. മിനി പ്രസാദ്,  കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ കോർഡിനറ്റർ അഭിജിത്ത് കെ. ദീപക് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ് കെ.കെ നന്ദി പറഞ്ഞു.  

ഉച്ചയ്ക്ക് ശേഷം “മലയാള കഥയിലെ നാഴികക്കല്ലുകൾ’ എന്ന വിഷയത്തിൽ ഇ.പി രാജഗോപാലൻ ക്ളാസ് നയിച്ചു. “എഴുത്തിലെ ലിംഗഭേദങ്ങൾ’ എന്ന വിഷയത്തിൽ എൻ.രാജൻ, വിജയരാജ മല്ലിക, ആദി എന്നിവർ പങ്കെടുത്ത സംവാദം, “യാത്രാവിവരണത്തിന്റെ സാഹിത്യരൂപം; അനുഭവത്തിന്റെ എഴുത്ത്’ എന്ന വിഷയത്തിൽ കെ.ആർ അജയൻ, രമ്യ എസ്.ആനന്ദ് എന്നിവർ പങ്കെടുത്ത പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ഡോ.ആർ. ശ്രീലതാ വർമ, മിഥുൻ കൃഷ്ണ, ഡോ. സി.എഫ് ജോൺ ജോഫി, രാഹേഷ് മുതുതല എന്നിവർ ക്യാമ്പ് അംഗങ്ങളുടെ കൃതികളുടെ അവലോകനം നടത്തി.