കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ കാര്‍ഷിക സംരംഭകത്വ പരിശീലന പരമ്പരയായ ‘പുനര്‍ജീവന’ത്തിന്റെ നാലാംഘട്ടത്തിന് അട്ടപ്പാടിയില്‍ തുടക്കം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ – കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി (ഐ.സി.എ.ആര്‍- സി.ടി..ആര്‍.ഐ) ചേര്‍ന്നാണ് കുടുംബശ്രീ ‘പുനര്‍ജീവനം’ പരിശീലന പരമ്പര നടത്തിവരുന്നത്.
അട്ടപ്പാടിയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അഗളി, പുതൂര്‍, കുറുമ്പ, ഷോളയൂര്‍ പഞ്ചായത്ത് സമിതികളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 40 കര്‍ഷകര്‍ക്ക് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നതിന് ആവശ്യമായ നടീല്‍ വസ്തുക്കളും ജൈവവളങ്ങളും വിതരണം ചെയ്തിരുന്നു. മൂന്നാം ഘട്ടത്തില്‍ ഈ മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പും നടത്തിവരികയാണ്. ഇതോടൊപ്പമാണ് നാലാംഘട്ടം സംഘടിപ്പിച്ചത്. ഈ ഘട്ടത്തില്‍ ഒരു ടണ്‍ ചേനയുടെ നടീല്‍ വസ്തുക്കള്‍, നാപ്‌സാക് സ്‌പ്രേയറുകള്‍, വിവിധ തരം സ്ലൈസറുകള്‍, ജൈവ കീടരോഗ നിയന്ത്രണോപാധികള്‍, കാര്‍ഷികോപകരണങ്ങള്‍, വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങുന്ന കിറ്റ് 40 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
ജനുവരി 25ന് അട്ടപ്പാടിയിലെ അഗളിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് നാലാംഘട്ടത്തിന്റെ ഉദ്ഘാടനം ഈ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് നിര്‍വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ (ഫാം ലൈവ്‌ലിഹുഡ്) ഡോ. ഷാനവാസ്. എസ് പുനര്‍ജീവനം പദ്ധതി വിശദീകരണവും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.എസ്. സജീവ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ (ഐ.ബി.സി.ബി) ശ്യാം കെ.യു എന്നിവര്‍ ആശംസകളും നേര്‍ന്നു. അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ട് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ്. മനോജ് സ്വാഗതവും അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ട് ഫാം ലൈവ്‌ലിഹുഡ് വിഭാഗം കോര്‍ഡിനേറ്റര്‍ അഖില്‍ സോമന്‍ നന്ദിയും പറഞ്ഞു.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സുരേഷ്, ഡോ. സി. പ്രദീപിക, ഡോ. സംഗീത എന്നിവര്‍ ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചുള്ള ക്ലാസുകളും നല്‍കി. അട്ടപ്പാടി പ്രൊജക്റ്റ് ടീം അംഗങ്ങള്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, വിവിധ പഞ്ചായത്ത് സമിതി ഭാരവാഹികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കര്‍ഷകര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 300 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായുള്ള പുനര്‍ജീവനം പദ്ധതി ഓരോ ഘട്ടത്തിലും കൃഷി ചെയ്യുന്നതിനും ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവ് നടത്തുന്നതിനും വേണ്ട വിവിധ ഉപാധികളുടെ ആവശ്യകത പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ചേമ്പിനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പുനര്‍ജീവനം പദ്ധതിയുടെ ആദ്യഘട്ടവും സംഘടിപ്പിച്ചിരുന്നു.
