പുനർജീവനം 2.0 കാർഷിക ഉപജീവന പരിശീലന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിൽ പങ്കെടുത്ത കർഷകർക്ക് വിവിധ കാർഷിക ഉപകരണങ്ങളും നടീൽ വസ്തുക്കളും വളവും ഉൾപ്പെടെ കൈ നിറയെ കാർഷിക പിന്തുണ. കുടുംബശ്രീയും കേന്ദ്ര കിഴങ്ങു വിള ഗവേഷണകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് നടീൽ വസ്തുക്കളായ മധുരക്കിഴങ്ങ് വള്ളി, കപ്പക്കമ്പ്, ഫെറോമോൺ കെണി, ഹോസ്, ഓർഡിനറി കട്ടർ, ലേയ്സ് കട്ടർ, റിബൺ കട്ടർ, സ്റ്റിക്കർ കട്ടർ, വേവി റിബൺ കട്ടർ, ക്രോ ബാർ, സ്പ്രേയർ, ട്രൈക്കോഡെർമ, ഐ.ഐ.എച്ച്.ആർ പച്ചക്കറി കിറ്റ് എന്നിവ ഉൾപ്പെടെ ഓരോ കർഷകയ്ക്കും സൗജന്യമായി ലഭിച്ചത്.
ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പുനർജീവനം 2.0 പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കുന്നത്.
