കുടുംബശ്രീ ഹോംഷോപ്പ് സംവിധാനത്തിന്റെ വിപുലീകരണം ലക്ഷ്യമിട്ട് ഹോംഷോപ്പ് മാനേജ്മെന്റ് ടീം പ്രതിനിധികളുടെ യോഗം സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ സംരംഭകരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്ന കുടുംബശ്രീയുടെ മാര്‍ക്കറ്റിങ് സംവിധാനമാണ് ഹോംഷോപ്പ്.
വിവിധ ജില്ലകളിലായി കുടുംബശ്രീ അംഗങ്ങളായ 7000ത്തോളം ഹോംഷോപ്പ് ഓണര്‍മാര്‍ നിലവിലുണ്ട്. ഹോംഷോപ്പ് മാനേജ്മെന്റ് ടീം ആണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ 51 ഹോംഷോപ്പ് മാനേജ്മെന്റ് ടീമുകളാണുള്ളത്. 5000 ഹോംഷോപ്പ് ഓണര്‍മാരെ കൂടി കണ്ടെത്തല്‍, ഹോംഷോപ്പ് ടീം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 19.5 കോടി രൂപയുടെ വിറ്റുവരവും ഈ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 6.51 കോടി രൂപയുടെ വിറ്റുവരവും ഹോംഷോപ്പ് പദ്ധതിയിലൂടെ നേടിയിരുന്നു.
25ന് സംഘടിപ്പിച്ച യോഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍മാരായ എ.എസ്. ശ്രീകാന്ത്, നവീന്‍. സി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എസ്.എസ്, ഹോംഷോപ്പ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഷൈജു ആര്.എസ്, അഞ്ജിമ സുരേന്ദ്രന്. സി, അഖിലേഷ്. എ, എല്ലാ ജില്ലകളിലെയും ഹോംഷോപ്പ് മാനേജ്മെൻ്റ് ടീം പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
