സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ വ്യത്യസ്ത രുചി വിളമ്പി കുടുംബശ്രീ അംഗങ്ങള്

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ വ്യത്യസ്ത രുചി വിളമ്പി ശ്രദ്ധ നേടുകയാണ് കുടുംബശ്രീ അംഗങ്ങള്‍. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഏപ്രില്‍ 3നാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.പോലീസ് മൈതാനിയില്‍ ഒരുക്കിയിരിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പ്രദര്‍ശന – വിപണന സ്റ്റാളില്‍ 8000 ചതുരശ്ര അടിയിലുള്ള ഫുഡ്‌കോര്‍ട്ടിലാണ് കുടുംബശ്രീ അംഗങ്ങള്‍ സ്വാദൂറും രുചി വിളമ്പി താരങ്ങളായി മാറിയിരിക്കുന്നത്. അട്ടപ്പാടിയില്‍ നിന്ന് വനസുന്ദരി, കാസറഗോഡ് നിന്ന് നിന്ന് ചിക്കന്‍ സ്റ്റിക്ക്, കണ്ണൂരില്‍ നിന്ന് വെറൈറ്റി ജ്യൂസുകള്‍ തുടങ്ങീ നിരവധി വിഭവങ്ങള്‍ ഈ ഫുഡ് കോര്‍ട്ടില്‍ ലഭിക്കും. ഇതു കൂടാതെ 10 പ്രദര്‍ശന – വിപണന സ്റ്റാളുകളിലും കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. ജില്ലയിലെ 80ലധികം സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഈ സ്റ്റാളുകളില്‍ വിപണനത്തിനായി സജ്ജമാക്കിയിരിക്കുന്നു. 2017 മുതല്‍ 2022 വരെയുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന ‘കനല്‍ താണ്ടിയ വഴികള്‍’ എന്ന 36 മിനിറ്റുള്ള വീഡിയോയും പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ 14നാണ് സമാപനം.