കോഴിക്കോട്: പന്ത്രണ്ടാമത് ദേശീയ സരസ് മേളയുടെ 119ാം സ്റ്റാളിൽ പോയാൽ നിറയെ മൺപാത്രങ്ങൾ കാണാം. കളിമണ്ണിൽ തീർത്ത ‘നോൺ സ്റ്റിക്ക്’ മൺപാത്രങ്ങൾ ആണ് ഇവിടെ ലഭിക്കുക. പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഈ കളിമൺ പാത്ര നിർമാണം എന്നും നേട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളു എന്ന് ആത്മാഭിമാനത്തോടെ പറയുകയാണ് ശാലിനി എന്ന സംരംഭക. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ ‘ക്ലെ ഹെരിറ്റേജ്’ സംരംഭത്തിലെ അംഗമാണ് ശാലിനി.
2018 മുതലാണ് ഇവർ ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. തുടക്കം മുതൽക്കേ നല്ല രീതിയിലുള്ള പ്രചോദനം ഭർത്താവിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിലും നിന്നും ലഭിക്കുക കൂടി ചെയ്തപ്പോൾ ഉന്നതങ്ങളിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് ശാലിനി പറയുന്നു. പതിനൊന്നോളം സരസ് മേളകളിൽ പങ്കെടുത്ത അനുഭവവും ഇവർക്കുണ്ട്. പാത്രങ്ങളിൽ പൊതുവേ കാണുന്ന അവസാന മിനുക്കു പണികളിൽ ചെറിയൊരു മാറ്റം വരുത്തി ‘നോൺസ്റ്റിക് പാത്രങ്ങളുടെ’ മാതൃകയിൽ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും പറ്റിപ്പിടിക്കാത്ത വിധത്തിൽ പൂർണമായും പ്രകൃതിദത്തമായ രീതിയിലാണ് ഇവർ ഈ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. ഇവ കൂടാതെ കളിമണ്ണ് കൊണ്ടുണ്ടാക്കിയ വ്യത്യസ്തയിനം ആഭരണങ്ങളും ചെറുതും വലുതുമായ ചെടിച്ചട്ടികളും, പെൻ ഹോൾഡറുകൾ, വാൽക്കണ്ണാടി, കീ ഹാംങറുകൾ, വാട്ടർ ജെഗ്ഗ്, മൺ ശില്പങ്ങൾ തുടങ്ങിയവയും ഈ സ്റ്റാളിൽ ലഭ്യമാണ്. മേള ഇന്ന് (13.05.2025) സമാപിക്കും.
