രുചിയിലും കടുപ്പത്തിലും ഒന്നാമൻ… ആസാം ചായപ്പൊടി വാങ്ങാം സരസ് മേളയിൽ നിന്നും

കോഴിക്കോട്: ലോകത്തിലെ തന്നെ മികച്ച ചായപ്പൊടികളിലൊന്നായ ആസാം ചായപ്പൊടിയുടെ കടുപ്പവും, രുചിയും എല്ലാവർക്കും ആസ്വദിക്കാൻ അവസരമൊരുക്കിക്കൊണ്ടാണ് കാസർഗോഡ് പള്ളിക്കര സി.ഡി.എസിലെ ‘ഗാർഡൻ ആസാം തേയില പൗഡർ യൂണിറ്റ്’ സരസ് മേളയിൽ എത്തിയിരിക്കുന്നത്. ആസാം സംസ്ഥാന സർക്കാർ സ്വന്തമായി കൃഷി ചെയ്തു ഉത്പാദിപ്പിച്ചെടുക്കുന്ന തേയിലപ്പൊടികൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു പ്രീമിയം പാക്കേജിംഗോടു കൂടിയാണ്  ‘ഗാർഡൻ ആസാം തേയില പൗഡർ യൂണിറ്റ്’ വിപണനം ചെയ്യുന്നത്. സാബിർ കെ, അഭിലാഷ്, സമീർ അലി, അബ്ദുൽസലാം, സുബൈർ അലി എന്നീ അഞ്ചു സംരംഭകരാണ് ഈ യുവശ്രീ സംരംഭത്തിന് പിന്നിൽ. 2025 ൽ ആണ് യുവശ്രീ സംരംഭമായി യൂണിറ്റ് രജിസ്റ്റർ ചെയ്തു  പ്രീമിയം പാക്കേജിംഗോടു കൂടി വിപണനം ചെയ്യാൻ ആരംഭിച്ചത്.

നിലവിൽ ആറോളം പേർ ഇവരുടെ യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. സരസ് മേളയിലെ 150 ആം നമ്പർ സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൽ ചോക്ലേറ്റ്, ഇഞ്ചി, ഏലയ്ക്ക, നാരങ്ങ, ഗ്രീൻ ടീ തുടങ്ങിയ വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടികൾ ലഭ്യമാണ്. 100 രൂപ മുതലാണ് ചായപ്പൊടികളുടെ വില ആരംഭിക്കുന്നത്. നിരവധി സരസ്മേളകളിലും മറ്റു വിപണന മേളകളിലും പങ്കെടുത്തിട്ടുള്ള ഇവർ നിലവിൽ കർണാടക, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ദുബായിലേക്കും ചായപ്പൊടികൾ കയറ്റി അയയ്ക്കുന്നുണ്ട്.