ഗോവൻ സ്റ്റൈൽ അലങ്കാരവസ്തുക്കളും, ആഭരണങ്ങളും വാങ്ങിക്കാം സരസ്മേളയിൽ…

സരസ് മേളയിലെ 250ലേറെ വരുന്ന ഉൽപ്പന്ന വിപണന സ്റ്റാളുകളിൽ, വൈവിധ്യം കൊണ്ടും,മനോഹാരിത കൊണ്ടും വേറിട്ട് നിൽക്കുകയാണ് ഗോവയിൽ നിന്നെത്തിയ ഷാലിന്റെ 159 ആം നമ്പർ സ്റ്റാൾ. ചിപ്പി, കല്ലുകൾ, മുത്തുകൾ, തൂവൽ, ജൂട്ട്, സോളവുഡ് തുടങ്ങിയ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന വിവിധതരത്തിലുള്ള ആഭരണങ്ങളും, വീടലങ്കാരവസ്തുക്കളും, കരകൗശലവസ്തുക്കളും, പൂക്കളും മറ്റുമാണ് നോർത്ത് ഗോവ ജില്ലയിലെ അവർ ലേഡി ഓഫ് പീറ്റി (Our lady of piety) സ്വയം സഹായ സംഘത്തിൽ നിന്നുമെത്തിയ ഇവരുടെ പ്രധാന വിപണന വസ്തുക്കൾ. നൂറു ശതമാനം കൈകൾ മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയിലാണ് ഇവർ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഇതിനുമുമ്പ് അഞ്ചു തവണ സരസ്മേളയിൽ പങ്കെടുത്ത ഇവർക്ക് മികച്ച സംരംഭകയ്ക്കുള്ള അവാർഡും, മികച്ച അലങ്കാരവസ്തുക്കൾ വിപണനം ചെയ്യുന്ന സ്റ്റാളിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഗോവൻ സംസ്കാരവും, ജീവിതരീതിയും ഇഷ്ടപ്പെടുന്ന ആളുകൾ ഒരു പ്രാവശ്യമെങ്കിലും ഈ സ്റ്റാൾ സന്ദർശിക്കേണ്ടതാണ്.