സംസ്ഥാനതല ബഡ്‌സ് കലോത്സവമായ ‘തകധിമി 2022’ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സവിശേഷമായ കഴിവുകളും നൈപുണ്യങ്ങളും ഉള്ളവരാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നും കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയവും അഭിമാനകരവുമാണ് ബഡ്സ് സ്ഥാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം കളമശ്ശേരി കുസാറ്റിൽ ഇന്നും നാളെയുമായാണ് കലോത്സവം.
യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബഡ്സ് ജില്ലാ ഉപദേശക സമിതി ചെയർമാനുമായ ഉല്ലാസ് തോമസ്, ബഡ്സ് ഉപജീവന കേന്ദ്രങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിച്ചു.
പാലക്കാട് തൃത്താല ബഡ്സ് സ്കൂളിലെ അക്ഷയ്രാജ് വരച്ച പെയിന്റിംഗ് മന്ത്രി എം.ബി. രാജേഷിന് നല്‍കി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ. പ്രദീപ് കുമാർ, തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. ബി നജീബ്, തൃശൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്.സി. നിർമ്മൽ, കളമശ്ശേരി മുനിസിപ്പാലിറ്റി സി.ഡി.എസുകളിലെ ചെയർപേഴ്സൺമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ബി. പ്രീതി നന്ദി പറഞ്ഞു.
ജില്ലാ കലോത്സവങ്ങളിൽ ഒന്നാമതെത്തിയ 328 പ്രതിഭകളാണ് സംസ്ഥാന തലത്തിൽ 15 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്.
തെയ്തക, ധോലക്, ക്യാന്‍വാസ് എന്നീ മൂന്നുവേദികളിലായി ആദ്യദിനം നാടോടിനൃത്തം, ഒപ്പന, സംഘനൃത്തം, പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഡ്രോയിങ്ങ്, പെയിന്‍റിങ്ങ് മത്സരങ്ങളും നടന്നു.